ഝാർഖണ്ഡിലെ വൈദ്യുതി പ്രതിസന്ധി; ട്വിറ്ററിലൂടെ ചോദ്യംചെയ്ത് ധോണിയുടെ ഭാര്യ സാക്ഷി സിങ്
text_fieldsന്യുഡൽഹി: ഝാർഖണ്ഡിലെ വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാന സർക്കാറിനെ ചോദ്യം ചെയ്ത് ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി സിങ്. രാജ്യത്തെ വൈദ്യുത പവർ പ്ലാന്‍റുകളിൽ കൽക്കരി ക്ഷാമം നേരിടുന്നുണ്ടെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ട്വീറ്റുമായി സാക്ഷി രംഗത്തെത്തിയത്. ഝാർഖണ്ഡിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്. കൂടാതെ ഗിർധി, ഈസ്റ്റ് സിംങ്ഭും, വെസ്റ്റ് സിങ്ഭും, റാഞ്ചി, ബൊക്കാറോ, കൊഡെർമ, പലാമു, ഗർവാ, ഛത്ര എന്നീ ജില്ലകളിൽ ഏപ്രിൽ 28 വരെ ഉഷ്ണതരംഗമായിരിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
"ഝാർഖണ്ഡിലെ ഒരു നികുതിദായക എന്ന നിലയിൽ സംസ്ഥാനത്ത് ഇത്രയും വർഷങ്ങളായി വൈദ്യുതി പ്രതിസന്ധി നേരിടുന്നത് എന്തുകൊണ്ടാണെന്ന് അറിയാൻ ആഗ്രഹിക്കുന്നു? വൈദ്യതിയുടെ കാര്യക്ഷമമായ ഉപഭോഗത്തിലൂടെ ഊർജ്ജസംരക്ഷണത്തിനായി ഞങ്ങൾ ഞങ്ങളുടെ പങ്ക് നിർവഹിക്കുന്നുണ്ട്!" - സാക്ഷി ട്വീറ്റ് ചെയ്തു.
രാജ്യത്ത് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര-സംസ്ഥാനസർക്കാറുകൾ കൈകോർത്ത് പ്രവർത്തിക്കണമെന്ന് നേരത്തെ കേന്ദ്ര ഊർജ മന്ത്രി ആർ.കെ സിങ് പറഞ്ഞിരുന്നു. വൈദ്യുതി നിലയങ്ങളിലേക്കുള്ള കൽക്കരി ഗതാഗതം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ സിങ് തിങ്കളാഴ്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൽക്കരി- ഊർജ്ജ പൊതുമേഖലാ സ്ഥാപനങ്ങൾ, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു. പവർ പ്ലാന്റുകളിലുടനീളം കൽക്കരിയുടെ വേഗത്തിലുള്ള വിതരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെയിൽവേ പ്രവർത്തനങ്ങൾ ആരംഭിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.