മുസ്ലിം സ്ത്രീക്ക് തുല്യ സ്വത്ത് നൽകാത്തതെന്ത്?; സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നീക്കത്തിൽ കേരളത്തിലെ മുസ്ലിം പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്ക് നൽകിയ അതേ വിഹിതം പെൺമക്കൾക്ക് നൽകാത്തത് പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സഹോദരിക്ക് തുല്യവിഹിതം കൊടുക്കാൻ സഹോദരന്മാർ തയാറല്ലേ എന്നും മൊത്തം സ്വത്തും പിടിച്ചെടുക്കാനാണോ സഹോദരന്മാർ ആഗ്രഹിക്കുന്നതെന്നും ജസ്റ്റിസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
ഏഴു പെൺമക്കളും അഞ്ച് ആൺമക്കളുമുള്ള പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്ക് കൊടുത്ത വിഹിതം തനിക്ക് നൽകാതിരുന്നത് വിവേചനപരമാണെന്ന് കാണിച്ച് വടകര ചോമ്പാലയിലെ കുഞ്ഞിപ്പള്ളിക്കടുത്തുള്ള സഹോദരങ്ങളെ എതിർ കക്ഷികളാക്കി മുംബൈയില്‍ താമസക്കാരിയായ അവരുടെ സഹോദരി ബുശ്റ അലി സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി എതിര് കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
വിചാരണ കോടതിയിൽ സ്വത്ത് ഭാഗിക്കുന്നതിനുള്ള അന്തിമ ഉത്തരവിനായി അപേക്ഷ നൽകിയപ്പോഴാണ് ബുശ്റ അലി സിവിൽ കേസിന്റെ ആദ്യഘട്ടത്തിൽ ഉന്നയിക്കാത്ത ഇത്തരമൊരു വാദം ഉന്നയിച്ചതെന്ന് പറഞ്ഞ് വിചാരണ കോടതിയും ഹൈകോടതിയും ബുശ്റയുടെ ഹരജി തള്ളിയിരുന്നു. ഇതിനെതിരെയാണ് അവർ സുപ്രീംകോടതിയിൽ വന്നത്.
വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ഇക്കാര്യം വടകരയിലെ സഹോദരനുവേണ്ടി ഹാജരായ അഡ്വ. സുൽഫിക്കർ അലി ബോധിപ്പിച്ചു. സഹോദരിയുടെ വിഹിതം കൊടുക്കാൻ സഹോദരൻ തയാറല്ലേ എന്ന് ജസ്റ്റിസ് കൃഷ്ണ മുരാരി ചോദിച്ചപ്പോൾ രാജ്യത്ത് നിലവിലുള്ള മുസ്ലിം വ്യക്തി നിയമപ്രകാരം ബാധ്യസ്ഥമായ വിഹിതം ബുശ്റ അലിക്ക് കൊടുക്കുന്നുണ്ട് എന്ന് അഭിഭാഷകൻ മറുപടി നൽകി.
മൊത്തം സ്വത്തും പിടിച്ചെടുക്കാനാണ് സഹോദരൻ ആഗ്രഹിക്കുന്നതെന്നും സ്വത്തിൽ തുല്യവിഹിതം സഹോദരിക്ക് നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിസ് മുരാരി ഇതിനോട് പ്രതികരിച്ചു. വിഷയം തങ്ങൾ പരിശോധിക്കുമെന്ന് വ്യക്തമാക്കി ജസ്റ്റിസ് മുരാരി എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സഹോദരനോട് ആവശ്യപ്പെട്ടു.
ബുശ്റയുടെ വാദങ്ങൾക്ക് മറുപടി നൽകാൻ നാലാഴ്ച സമയം നൽകി. അതു കഴിഞ്ഞ് സഹോദരങ്ങൾക്ക് മറുപടി നൽകാൻ ബുഷ്റക്ക് രണ്ടാഴ്ചയും അനുവദിച്ചു. ആറാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.
കുടുംബസ്വത്ത് വീതിക്കാൻ വിചാരണ കോടതി നിയോഗിച്ച അഡ്വക്കറ്റ് കമീഷണർ 1937ലെ മുസ്ലിം വ്യക്തി നിയമ പ്രകാരം അത് വീതംവെച്ചത് ഭരണഘടനാവിരുദ്ധമാണെന്നും സഹോദരന്മാർക്ക് നൽകിയ അതേ ഓഹരി തനിക്കും വേണമെന്നും ഹരജിയിൽ ബുശ്റ ബോധിപ്പിച്ചിരുന്നു.
അഡ്വ. കമീഷണർ തനിക്കായി കണക്കാക്കിയത് 4.82 സെന്റ് സ്ഥലമാണെന്നും ഇത് വിവേചനപരമാണെന്നും ഹരജിയിലുണ്ട്. 1937ലെ ശരീഅത്ത് നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരമുള്ള സ്വത്ത് വീതംവെപ്പിൽ ലിംഗസമത്വം ഇല്ലെന്നും ആണ്മക്കള്ക്ക് ഉള്ളതുപോലുള്ള തുല്യ അവകാശം കുടുംബത്തിലെ പെണ്മക്കള്ക്ക് ലഭിക്കുന്നില്ലെന്നും ബുശ്റ അലിയുടെ അഭിഭാഷകരായ ബിജോ മാത്യു ജോയ്, മനു കൃഷ്ണന് എന്നിവര്‍ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.