സ്റ്റീഫൻ ഹോക്കിങ്ങിന് എന്തുകൊണ്ട് നൊേബൽ സമ്മാനം ലഭിച്ചില്ല?
text_fieldsന്യൂഡൽഹി: ആൽബർട്ട് െഎൻസ്റ്റൈനു ശേഷം ഭൗതികശാസ്ത്രം കണ്ട പ്രതിഭാശാലിയായ ശാസ്ത്രജ്ഞൻ എന്ന് ശാസ്ത്രലോകം വാഴ്ത്തിയ സ്റ്റീഫൻ ഹോക്കിങ്ങിന് എന്തുകൊണ്ട് നൊേബൽ സമ്മാനം ലഭിച്ചില്ല? 20ാം നൂറ്റാണ്ടിൽ പ്രപഞ്ചശാസ്ത്രത്തിന് ദിശാബോധം നൽകിയ നിരവധി സിദ്ധാന്തങ്ങൾ, സാധാരണക്കാർക്കുകൂടി പ്രാപ്യമായ വിധം പ്രപഞ്ചരഹസ്യങ്ങളെ നിർധാരണം ചെയ്ത ഗവേഷകൻ, പ്രപഞ്ചത്തെക്കുറിച്ച ധാരണകളെ മാറ്റിമറിച്ച കൃതികളുടെ കർത്താവ്... എന്നിട്ടും ശാസ്ത്രലോകത്തിെൻറ പരമോന്നത പുരസ്കാരം ഹോക്കിങ്ങിൽനിന്ന് അകലം പാലിച്ചു.
1960കളിൽ, കേംബ്രിജിൽ ഗവേഷണം നടത്തുന്ന സമയത്തുതന്നെ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ റോജർ പെൻറോസുമായി ചേർന്ന് പ്രപേഞ്ചാൽപത്തിയെക്കുറിച്ചും തമോഗർത്തങ്ങളെക്കുറിച്ചും ശ്രദ്ധേയമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തിയിരുന്നു. 2014ലാണ് ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഹോക്കിങ് പുതിയ സിദ്ധാന്തം അവതരിപ്പിച്ചത്. പ്രപഞ്ചത്തിൽ തമോഗർത്തങ്ങൾ ഇല്ല, പകരം ‘ഗ്രേ ഹോളു’കളാണുള്ളത്. ഇന്ധനം തീർന്ന് ജ്വലനം നിലച്ച ഭീമൻ നക്ഷത്രങ്ങൾ അതിഭീമമായ ഗുരുത്വാകർഷണത്തിന് വിധേയമായി ചുരുങ്ങി അത്യന്തം സാന്ദ്രതയുള്ള വസ്തുവായി മാറുേമ്പാഴാണ് തമോഗർത്തം രൂപപ്പെടുന്നത്. പ്രകാശ കണികകൾക്കുപോലും ഇതിൽനിന്ന് പുറത്തുവരാനാകില്ല എന്നായിരുന്നു അതുവരെയുള്ള ധാരണ. എന്നാൽ, തമോഗർത്തത്തിലേക്കു വീഴുന്ന വസ്തുവിനെപ്പറ്റിയുള്ള എല്ലാ വിവരവും പുറത്തുനിൽക്കുന്ന നിരീക്ഷകന് പൂർണമായും നഷ്ടപ്പെടും എന്ന നിഗമനം ശരിയല്ലെന്ന് ക്വാണ്ടം മെക്കാനിക്സും ആപേക്ഷികതാ സിദ്ധാന്തവും സമന്വയിപ്പിച്ച് ഹോക്കിങ് സമർഥിച്ചു. ‘ബ്ലാക്ക് ഹോളു’കളിൽനിന്ന് പുറത്തുവരുന്ന വികിരണങ്ങളിൽ നഷ്ടെപ്പട്ടുവെന്നു കരുതുന്ന വിവരങ്ങൾ അടങ്ങിയിരിക്കുന്നുവെന്ന കണ്ടെത്തലും അദ്ദേഹം അവതരിപ്പിച്ചു. അനന്തകാലത്തേക്കുള്ള തടവറകളല്ല തമോഗർത്തങ്ങൾ, ‘ഹോക്കിങ് വികിരണ’ത്തിെൻറ രൂപത്തിൽ വീണ്ടും ബാഹ്യപ്രപഞ്ചത്തിലെത്താൻ കഴിയും.
ഇൗ നിഗമനത്തിന് വ്യാപക സ്വീകാര്യത ലഭിച്ചെങ്കിലും ‘ഹോക്കിങ് റേഡിയേഷൻ’ എന്ന വസ്തുത ഭൗതികശാസ്ത്ര മാനദണ്ഡമുപയോഗിച്ച് തെളിയിക്കാനായില്ല. മറിച്ചായിരുന്നുവെങ്കിൽ അദ്ദേഹത്തിന് നൊേബൽ സമ്മാനം ലഭിക്കുമായിരുന്നു. കണ്ടുപിടിത്തങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രീയ സിദ്ധാന്തങ്ങൾ വ്യക്തമായി തെളിയിക്കാനാകണം. തുടക്കത്തിൽ നിഗമനമായി അവതരിപ്പിക്കുന്ന കാര്യങ്ങൾ തെളിയിക്കാനാവശ്യമായ വസ്തുതകൾ വർഷങ്ങൾക്കുശേഷമായിരിക്കും രൂപപ്പെടുക. ഗുരുത്വാകർഷണ തരംഗങ്ങളെക്കുറിച്ച് 1920കളിൽ ആൽബർട്ട് െഎൻസ്റ്റൈൻ അവതരിപ്പിച്ച നിഗമനങ്ങളിൽ ചിലതിന് തെളിവ് ലഭിച്ചത് 2016ലാണ്. ‘ഹോക്കിങ് റേഡിേയഷ’നെ നിരീക്ഷിക്കാനാവശ്യമായ സാേങ്കതികവിദ്യ വർഷങ്ങൾ കഴിഞ്ഞായിരിക്കും കണ്ടെത്താനാകുകയെന്ന് ശാസ്ത്രലോകം കരുതുന്നു. തെളിയിക്കാനായാലും ഹോക്കിങ്ങിൽനിന്ന് നൊേബൽ സമ്മാനം അകലം പാലിച്ചുതന്നെ നിൽക്കും, കാരണം; മരണശേഷം ആർക്കും നൊേബൽ സമ്മാനം നൽകാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.