പ്രിയങ്കയുടെ പിന്മാറ്റത്തിനു പിന്നിൽ....?
text_fieldsന്യൂഡൽഹി: കോൺഗ്രസ് ശോഷിച്ചു പോയ ഉത്തർപ്രദേശിലെ പാർട്ടി പ്രവർത്തകരിൽ ആവേശവും ആത്മവിശ്വാസവും വീണ്ടെടുക്കാൻ വർഷങ്ങൾക്കു മുമ്പേ നിയോഗിക്കപ്പെട്ട പ്രിയങ്ക ഗാന്ധി ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നതിൽ നിന്ന് ഉൾവലിയാൻ കാരണം എന്താണ്? നെഹ്റു കുടുംബത്തെയും കോൺഗ്രസിനെയും ആക്രമിക്കാൻ ബി.ജെ.പിക്ക് പുതിയൊരു ആയുധം നൽകേണ്ട എന്ന തീരുമാനമാണ് അതിനു പിന്നിൽ.
സോണിയ ഗാന്ധി സ്ഥാനാർഥിയല്ലാത്ത സാഹചര്യത്തിൽ അനന്തരാവകാശിയായി പ്രിയങ്ക വരുന്നുവെന്ന പ്രചാരണം നേരത്തെ തന്നെയുണ്ട്. പ്രിയങ്ക ഗാന്ധിയുടെ ലോക്സഭ പ്രവേശത്തിന് കോൺഗ്രസ് മാറ്റിവെച്ച സീറ്റാണ് റായ്ബറേലിയെന്ന പ്രതീതിയാണ് നിലനിന്നത്. എന്നാൽ, സോണിയ ഗാന്ധിക്ക് രാജ്യസഭ വഴി പാർലമെന്റ് അംഗമായി തുടരാൻ വഴിയൊരുക്കിയ സാഹചര്യത്തിൽ പ്രിയങ്ക മത്സരിച്ചു ജയിച്ചാൽ നെഹ്റു കുടുംബത്തിലെ മൂന്നു പ്രധാനികളും എം.പിമാരാകും. കുടുംബവാഴ്ചയുടെ ഉദാഹരണമായി തെരഞ്ഞെടുപ്പിൽ അത് ഉയർത്തിക്കാട്ടി ബി.ജെ.പി വലിയ പ്രചാരണം നടത്തും. ഈ സാഹചര്യം ഒഴിവാക്കാൻ നേതൃത്വം കൂട്ടായ തീരുമാനം എടുക്കുകയായിരുന്നു. അത്തരമൊരു തീരുമാനമെടുപ്പിക്കാൻ പ്രിയങ്ക മുന്നിട്ടിറങ്ങി എന്നതും ശ്രദ്ധേയം.
രാഹുൽ അമേത്തിയിൽ മത്സരിക്കുന്നില്ലെങ്കിൽ ഒരു കൈ നോക്കാൻ പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രക്ക് താൽപര്യമുണ്ടായിരുന്നു. താൻ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് രാജ്യവ്യാപകമായി വോട്ടർമാർ ആവശ്യപ്പെടുന്നുണ്ടെന്നുവരെ പരസ്യമായി പറയാൻ വാദ്ര മടിച്ചില്ല. പക്ഷേ, നെഹ്റു കുടുംബത്തിൽനിന്ന് മറ്റൊരാളുടെ പേര് ഉയർന്നുവരുന്നതുതന്നെ അപകടമാണെന്ന് കോൺഗ്രസ് നേരത്തെ തിരിച്ചറിഞ്ഞു. വാദ്രയല്ലാതെ, വാദ്രയുടെ പേര് പറയാൻ നേതൃനിരയിൽ ആരും ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.