നിരീശ്വരവാദിയെ എന്തിനാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യിക്കുന്നത്? കോടതിയിൽ ഹരജി
text_fieldsഗുവാഹതി: കോടതിയില്‍ ദൈവത്തിന്‍റെ പേരിൽ എല്ലാവരും സത്യപ്രതിജ്ഞ ചെയ്യാന്‍ നിർബന്ധിക്കുന്നതില്‍ അനൗചിത്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗുവാഹതി ഹൈകോടതിയില്‍ ഹരജി. അഭിഭാഷകനായ ഫസലുസ്സമാൻ മജുംദാർ ആണ് ഹരജി നൽകിയിരിക്കുന്നത്. നിരീശ്വരവാദിയോ അവിശ്വാസിയോ ആയ വ്യക്തിയെ കോടതിയില്‍ ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതിനെതിരേയാണ് ഹരജി.
ഇന്ത്യന്‍ ഭരണഘടനയുടെ 25ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന പുരോഗമനപരമായ ചിന്തയ്ക്കും ശാസ്ത്രചിന്തയ്ക്കും തടസ്സം സൃഷ്ടിക്കുന്നതാണ് 1969ലെ 'ഓത്ത് ആക്ട്' അനുസരിച്ച് കോടതികളില്‍ തുടരുന്ന ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞയെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കോടതിയില്‍ ഒരു വ്യക്തിക്ക് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്യണമെന്ന് നിയമത്തിന്റെ ഫോം 1, വകുപ്പ് 6 എന്നിവ നിഷ്‌കര്‍ഷിച്ചിരിക്കുന്നതായി മജുംദാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വിശ്വാസികളുടേയും അവിശ്വാസികളുടേയും അവകാശങ്ങള്‍ക്ക് ഭരണഘടനയുടെ 25-ാം അനുച്ഛേദം ഒരേരീതിയില്‍ സംരക്ഷണം നല്‍കുന്ന സ്ഥിതിക്ക് നിരീശ്വരവാദിയായ ഒരു വ്യക്തി ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ടോയെന്ന് ഹരജിയില്‍ ചോദിക്കുന്നു.
അമാനുഷികശക്തിയിലോ അസ്തിത്വത്തിലോ വിശ്വസിക്കുന്ന വ്യക്തിയല്ലെന്നും മതനിരപേക്ഷതയും പുരോഗമനചിന്തയും ശാസ്ത്രീയബോധവുമുള്ള പൗരനെന്ന നിലയില്‍ സാഹോദര്യം, മനുഷ്യത്വം എന്നിവയില്‍ കവിഞ്ഞൊരു മതമില്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും മജുംദാര്‍ പറയുന്നു. ഹരജി ഇന്ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.