'ഭരണഘടന സ്ഥാപനമൊന്നുമല്ല അത്'; സോണിയയെ എന്തിനു കാണണമെന്ന് മമത
text_fieldsന്യൂഡൽഹി: ''ഓരോ തവണയും ഡൽഹിയിൽ വരുേമ്പാൾ സോണിയ ഗാന്ധിയെ കാണുന്നതെന്തിന്? ഭരണഘടന സ്ഥാപനമൊന്നുമല്ല അത്'' പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയുടേതാണ് ഈ പരാമർശം. ഡൽഹിയിലെത്തിയ മമത പ്രതിപക്ഷ നേതാക്കളെ കാണുന്നതിനെക്കുറിച്ച് വാർത്തലേഖകർ ചോദിച്ചപ്പോഴാണ് ഈ മറുപടി നൽകിയത്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർന്നു വരാൻ ശ്രമിക്കുന്ന മമത, കോൺഗ്രസിനെ അവഗണിച്ചും അവരുടെ ഇടം കൈയടക്കിയും മുന്നോട്ടു പോകുമെന്നതിെൻറ സൂചനയായി ഈ പരാമർശം വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
സോണിയ ഗാന്ധിയുമായി നല്ല ബന്ധമാണ് കുറെക്കാലമായി മമതക്ക്. എന്നാൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരോട് അത്രത്തോളമില്ല. പശ്ചിമ ബംഗാളിലെ കോൺഗ്രസ് നേതാക്കൾക്കാകട്ടെ, മമതേയാട് അത്ര മമതയില്ല. വിവിധ സംസ്ഥാനങ്ങളിലേക്ക് വേരു പടർത്തുന്ന തൃണമൂൽ കോൺഗ്രസിലേക്ക് നിരവധി കോൺഗ്രസ് നേതാക്കൾ ചേക്കേറിയിട്ടുണ്ട്. പ്രാദേശിക കക്ഷികൾക്ക് കഴിയുന്നിടത്ത് അവർ ശക്തമായി മത്സരിക്കട്ടെയെന്ന കാഴ്ചപ്പാടും മമത പ്രകടിപ്പിച്ചു. യു.പി യിൽ ബി.ജെ.പിയെ തോൽപിക്കുന്നതിന് എന്തെങ്കിലും സഹായം ചെയ്യാൻ തൃണമൂലിന് കഴിയുമെങ്കിൽ അതു ചെയ്യും. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആഗ്രഹിക്കുന്ന സഹായം പാർട്ടി ചെയ്തു കൊടുക്കുമെന്നും അവർ പറഞ്ഞു.
മമത, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിച്ചു. ത്രിപുരയിലെ ബി.ജെ.പി അക്രമം, ബി.എസ്.എഫ് അധികാര പരിധി കൂട്ടിയത് തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രിയെ പരാതി ബോധിപ്പിച്ചതായി അവർ പറഞ്ഞു. ബി.ജെ.പി നേതാവും രാജ്യസഭ എം.പിയുമായ സുബ്രമണ്യം സ്വാമി മമതെയ സന്ദർശിച്ചു. താൻ നേരത്തേ തന്നെമമതയോടൊപ്പമാണെന്നും പാർട്ടിയിൽ ചേരേണ്ട ആവശ്യമില്ലെന്നും സുബ്രമണ്യം സ്വാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.