‘സ്മൃതി ഇറാനീ...നിങ്ങളെന്താണ് മിണ്ടാതിരിക്കുന്നത്?’-മന്ത്രിയുടെ മൗനത്തിനെതിരെ ഗുസ്തി താരങ്ങൾ
text_fieldsന്യൂഡൽഹി: ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷൻ സിങ്ങിനെതിരായ ലൈംഗിക പീഡനാരോപണത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തങ്ങൾ നടത്തുന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര വനിത, ശിശു വികസന മന്ത്രി സ്മൃതി ഇറാനിയുടെ നിലപാടിനെതിരെ ഗുസ്തി താരങ്ങൾ. ‘രാജ്യത്തിന്റെ പുത്രിമാർ പീഡനാരോപിതനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുമ്പോൾ എന്തുകൊണ്ടാണ് സ്മൃതി ഇറാനി മൗനം പാലിക്കുന്നത്’?- ഒളിമ്പിക് മെഡൽ ജേതാവായ ഗുസ്തി താരം സാക്ഷി മലിക് ചോദിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്മൃതി ഇറാനിയും വിഷയത്തിൽ ഉടൻ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു.
‘സ്വന്തം തത്വമായ ‘ബേട്ടീ ബചാവോ, ബേട്ടീ പഠാവോ’ ഉൾക്കൊണ്ട് ഞങ്ങളോട് സംസാരിക്കണമെന്നും ഞങ്ങളുടെ ‘മൻ കി ബാത്ത്’ കേൾക്കണമെന്നും പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയാണ്. മെഡൽ ജയിക്കുമ്പോൾ ഞങ്ങളെ പുത്രിമാരെന്ന് വിളിക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയുമൊക്കെ ചെയ്യുന്നു. അതുപോലെ ഇപ്പോൾ ഞങ്ങൾക്ക് പറയാനുള്ളതുകൂടി കേൾക്കണമെന്ന് അപേക്ഷിക്കുകയാണ്. വിഷയത്തിൽ പ്രതികരിക്കാൻ സ്മൃതി ഇറാനിയോടും ആവശ്യപ്പെടുന്നു. എന്തുകൊണ്ടാണ് നിങ്ങൾ നിശബ്ദയായിരിക്കുന്നത്? ദിവസങ്ങളായി ഞങ്ങൾ ഇവിടെയുണ്ട്. കൊതുകുകൾക്കൊപ്പമാണ് ഞങ്ങളുടെ ഉറക്കം. നീതിക്കുവേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്. അതിനുവേണ്ടി കാത്തിരിക്കുകയാണ്’ -2016 റയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ സാക്ഷി മലിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജ്യത്ത് വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള മന്ത്രിയായിട്ടും ഈ വിഷയത്തിൽ ഒരു നടപടിക്കും സന്നദ്ധമാവുകയോ പ്രതികരിക്കുകയോ ചെയ്യാത്ത സ്മൃതി ഇറാനിയുടെ നിലപാടുകൾ തുടക്കം മുതൽ ചർച്ചയായിരുന്നു. സ്ത്രീകളുടെ ക്ഷേമത്തെക്കുറിച്ച് വാചാലയാവുന്ന മന്ത്രിയുടെ മൗനത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയും ചെയ്തു. എന്നിട്ടും മൗനം തുടർന്ന സ്മൃതി ഇറാനി ഇക്കഴിഞ്ഞ ജനുവരി 20ന് ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.
‘ഞാൻ വിദേശത്താണുള്ളത്. വിഷയത്തിൽ എന്റെ പരിധിയിൽനിന്നുകൊണ്ടുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. ഫോഗട്ട് സഹോദരിമാരോടും ബജ്റങ് പൂനിയയോടും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇതു സംബന്ധിച്ച് രാഷ്ട്രീയ പ്രസ്താവനകളൊന്നും നടത്താനില്ല’ എന്നും അന്ന് മന്ത്രി പറഞ്ഞിരുന്നു. തുടർന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രതികരിക്കാതെ ഒളിച്ചുകളി തുടരുന്നതിനിടയിലാണ് കേന്ദ്ര മന്ത്രിക്കെതിരെ ഗുസ്തി താരങ്ങൾ രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.