രാഷ്ട്രീയ യോഗത്തിൽ വ്യവസായ പ്രമുഖൻ പങ്കെടുത്തത് എന്തിന്?; മഹാവികാസ് സർക്കാറിനെ അട്ടിമറിച്ചതിൽ അദാനിക്കും പങ്ക് -ആരോപണവുമായി രാഹുൽ
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യം നേതൃത്വം നൽകിയ സർക്കാറിനെ അട്ടിമറിക്കാൻ ചരടു വലിച്ചവരിൽ ഗൗതം അദാനിയുമെന്ന ആരോപണമുയർത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ധാരാവി പുനർവികസന പദ്ധതി ഏറ്റെടുക്കാനായി എം.വി.എ സർക്കാറിനെ അട്ടിമറിക്കാൻ അദാനിയും ചരടുവലിച്ചതായി രാഹുൽ വ്യക്തമാക്കി.
''നിങ്ങളുെട സർക്കാറിനെ തട്ടിപ്പറിച്ചു മാറ്റി. നരേന്ദ്രമോദിക്ക് അതിൽ പങ്കില്ല എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. അവരുടെ കൂടെ കൂടിയ നേതാവ് തന്നെയാണ് സർക്കാർ രൂപവത്കരിക്കാനുള്ള രാഷ്ട്രീയ യോഗങ്ങളിൽ അദാനി പങ്കെടുത്തതായി വെളിപ്പെടുത്തിയത്. ഒരു രാഷ്ട്രീയ യോഗത്തിൽ എന്തിനാണ് അദാനി പങ്കെടുക്കുന്നത്? കാരണമുണ്ട്, ധാരാവി പുനർവികസന പദ്ധതി'' -നന്ദേഡ് ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ രാഹുൽ പറഞ്ഞു.
മഹാരാഷ്ട്രയിൽ ഇപ്പോഴുള്ള സർക്കാർ അദാനിക്ക് അതിന്റെ നേട്ടമായി ഒരുലക്ഷം കോടി രൂപയാണ് നൽകുന്നതെന്നും രാഹുൽ പറഞ്ഞു.
2019ൽ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം അവിഭക്ത എൻ.സി.പിയും ബി.ജെ.പിയും തമ്മിൽ സഖ്യ ചർച്ചകൾ നടന്നിരുന്നുവെന്നും ഇടനിലക്കാരനായി നിന്നത് ഗൗതം അദാനിയായിരുന്നെന്നും ദിവസങ്ങൾക്ക് മുമ്പ് എൻ.സി.പി നേതാവ് അജിത് പവാർ അവകാശപ്പെട്ടിരുന്നു.
എന്‍.സി.പി നേതാവായ പ്രഫുല്‍ പട്ടേലും ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും താനും ശരദ് പവാറിനും അമിത് ഷായ്ക്കും അദാനിക്കുമൊപ്പം യോഗത്തില്‍ പങ്കെടുത്തു എന്നും ന്യൂസ് മിനുട്ടിനും ന്യൂസ് ലോൺട്രിക്കും നൽകിയ അഭിമുഖത്തിൽ അജിത് പവാര്‍ വ്യക്തമാക്കിയിരുന്നു.
2019ൽ ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള സഖ്യം തകർന്നപ്പോൾ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും എന്ന ചോദ്യമുയർന്നു. എൻ.സി.പി ബി.ജെ.പിയുമായി സഖ്യം ചേർന്ന് സർക്കാരുണ്ടാക്കാൻ തീരുമാനിച്ചു. അന്ന് തന്നെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ അധികാരമേറ്റ് 80 മണിക്കുറിനകം സർക്കാർ തകർന്നു. അതോടെ അജിത് പവാർ വീണ്ടും എൻ.സി.പിക്കൊപ്പമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.