സഫൂറ സർഗാറിനെ വിലക്കിയതെന്തിന്? കാരണമായി ജാമിഅ മില്ലിയ്യ ആരോപിക്കുന്നത് ഇക്കാര്യങ്ങൾ
text_fieldsന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭത്തിന്‍റെ ജ്വലിക്കുന്ന മുഖങ്ങളിലൊന്നാണ് മനുഷ്യാവകാശ പ്രവർത്തകയും ഡൽഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സർവകലാശാലയിലെ ഗവേഷകയുമായ സഫൂറ സര്‍ഗാർ. പ്രക്ഷോഭത്തിന്‍റെ ഭാഗമായി ജയിലിൽ കഴിയുമ്പോൾ 12 ആഴ്ച ഗർഭിണിയായിരുന്നു അവർ. പൗരത്വ പ്രക്ഷോഭം മറയാക്കി ഡൽഹിയിൽ കലാപം നടത്തിയെന്ന കുറ്റം ചാർത്തിയാണ് 2020 ഏപ്രിൽ 10ന് സഫൂറയെ പിടികൂടുന്നത്. 74 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച സഫൂറക്കെതിരെ കൊലപാതകം, ഭീകരവാദം, വധശ്രമം എന്നിവ ഉൾപ്പെടെ 34 ഗുരുതര ക്രിമിനൽ കേസുകളാണ് ചുമത്തിയത്.
ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിലെ സോഷ്യോളജി വിദ്യാർഥിനിയായ സഫൂറ സർഗാർ ക്യാംപസില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവിൽ സര്‍വകലാശാല ആരോപിക്കുന്നത് രാഷ്ട്രീയ അജണ്ടയ്ക്കായി സഫൂറ വിദ്യാര്‍ഥികളെ ഉപയോഗിക്കുന്നു എന്നാണ്.
സഫൂറ സർഗാറിന്‍റെ എം.ഫിൽ പ്രവേശനം ആഗസ്റ്റ് 19ന് ജാമിഅ മില്ലിയ റദ്ദാക്കിയിരുന്നു. ഗവേഷണം കൃത്യസമയത്ത് പൂർത്തിയാക്കി പ്രബന്ധം സമർപ്പിച്ചില്ലെന്ന് കാട്ടിയായിരുന്നു ഈ നടപടി. ഗവേഷണം പൂർത്തിയാക്കാന്‍ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു.
2022 ഫെബ്രുവരിയിലാണ് സഫൂറയുടെ കോഴ്സിന്‍റെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. ഇതിനിടെ കോവിഡ് മൂലം ഗവേഷണം പൂർത്തിയാക്കാനായില്ല. പെൺകുട്ടികൾക്ക് കോഴ്സ് കാലാവധി ഒരു വർഷം നീട്ടി നൽകാൻ യു.ജി.സി ചട്ടമുണ്ട്. ഇതുപ്രകാരം സമയം നീട്ടി നൽകാൻ അഭ്യർഥിച്ചെങ്കിലും സർവകലാശാല സോഷ്യോളജി ഡിപാർട്ട്മെന്റ് അനുമതി നൽകിയില്ല. ഈ നടപടിക്കെതിരെ വിവിധ വിദ്യാർഥി സംഘനകൾ ജാമിഅ മില്ലിയ്യ കാമ്പസിൽ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിൽ സഫൂറയും പങ്കെടുത്തിരുന്നു. ഇതാണ് കാംപസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുന്നതിന് കാരണമായി സർവകലാശാല പറയുന്നത്.
സർവകലാശാല ആരോപിക്കുന്ന കാരണങ്ങൾ
- അപ്രസക്തമായ വിഷയങ്ങള്‍ക്കെതിരെ ക്യാംപസില്‍ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു
- സമാധാനപരമായ അക്കാദമിക് അന്തരീക്ഷത്തെ ശല്യപ്പെടുത്തി
- പുറത്തുനിന്നുള്ള സമരക്കാരെ കൊണ്ടുവന്നു
- വിദ്യാർഥികളെ കൂട്ടുപിടിച്ച് തന്റെ രാഷ്ട്രീയ അജൻഡക്കായി ഉപയോഗിക്കാൻ ശ്രമിച്ചു
- സ്ഥാപനത്തിന്റെ ദൈംനംദിന പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി
സഫൂറയുടെ എം.ഫിൽ പ്രവേശനം റദ്ദാക്കിയതിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാർഥികള്‍ക്ക് സര്‍വകലാശാല കാരണം കാണിക്കല്‍ നോട്ടിസും നൽകിയിട്ടുണ്ട്. എത്രയും വേഗം വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും എന്നാണ് മറ്റ് വിദ്യാര്‍ഥികള്‍ക്കയച്ച നോട്ടീസില്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.