Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാരാണസി കോടതി വിധിയിൽ...

വാരാണസി കോടതി വിധിയിൽ വ്യാപക ആശങ്ക; 'കോടതി വിധി ആരാധന ഇടങ്ങൾ സംബന്ധിച്ച 1991ലെ നിയമത്തെ അട്ടിമറിക്കുന്നത്'

text_fields
bookmark_border
വാരാണസി കോടതി വിധിയിൽ വ്യാപക ആശങ്ക; കോടതി വിധി ആരാധന ഇടങ്ങൾ സംബന്ധിച്ച 1991ലെ നിയമത്തെ അട്ടിമറിക്കുന്നത്
cancel
camera_alt

വാരാണസി ഗ്യാൻവാപി മസ്ജിദിന് പുറത്ത് നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥർ (ഫയൽ ചിത്രം)

Listen to this Article

വാരാണസി: ചരിത്രപ്രസിദ്ധമായ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ ശിവലിംഗം കണ്ടെത്തിയെന്നതിന്റെ പേരിൽ പള്ളിയുടെ ഒരുഭാഗം അടച്ചിടാൻ വാരാണസി പ്രാദേശിക കോടതി ഉത്തരവിട്ടതിൽ പരക്കെ ആശങ്ക. പ്രതിപക്ഷകക്ഷി നേതാക്കളും അക്കാദമീഷ്യന്മാരും ഇക്കാര്യത്തിൽ തങ്ങളുടെ ഉത്കണ്ഠ പ്രകടിപ്പിച്ചു.

ആരാധന ഇടങ്ങൾ സംബന്ധിച്ച 1991ലെ നിയമത്തെ അട്ടിമറിക്കുന്നതാണ് വാരാണസി കോടതി വിധിയെന്നാണ് പൊതു അഭിപ്രായം. ആരാധന ഇടങ്ങൾ സംബന്ധിച്ച നിയമപ്രകാരം രാജ്യത്തെ ആരാധനാലയങ്ങളിൽ 1947 ആഗസ്റ്റ് 15ലെ തൽസ്ഥിതി നിലനിർത്തണം. ബാബരി മസ്ജിദ് മാത്രമാണ് ഈ നിയമപരിധിയിൽ വരാത്തത്.

1947 ആഗസ്റ്റ് 15ന് രാജ്യത്തെ ഏതെല്ലാം ആരാധനാലയങ്ങൾ ആരുടെയെല്ലാം കൈകളിലുണ്ടോ അതവരുടെ ഉടമസ്ഥതയിൽ തുടരുമെന്നും ഒരുവിധ തർക്കവും കൈയേറ്റവും ഇനി അനുവദിക്കുകയില്ലെന്നും അനുശാസിക്കുന്ന നിയമമാണ് 1991 ഏപ്രിലിൽ പാർലമെന്റ് പാസാക്കിയത്. ഈ നിയമപ്രകാരം ബാബരി മസ്ജിദ് ഒഴികെ രാജ്യത്തെ ഒരു ആരാധനാലയത്തിന്റെയും തൽസ്ഥിതി കോടതിയിൽ ചോദ്യം ചെയ്യാനാവില്ല. ഇത്തരം കേസുകൾ വന്നാൽ കോടതികൾ പരിഗണിക്കാനും പാടില്ല. ഈ സാഹചര്യത്തിലും ഗ്യാൻവാപി പള്ളി സംബന്ധിച്ച കേസ് കോടതിയിലെത്തുകയും വിഡിയോ സർവേ നടത്താൻ കോടതി ഉത്തരവിടുകയുമായിരുന്നു. ഈ സർവേക്കിടയിലാണ് ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദം.

1949ൽ ബാബരി മസ്ജിദിന്റെ കാര്യത്തിലുണ്ടായ അതേ സംഭവങ്ങളാണ് ഗ്യാൻവാപിയിലേതെന്ന് ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു. ''കോടതി വിധി ഗ്യാൻവാപി പള്ളിയുടെ സ്വഭാവം ഇല്ലാതാക്കും. ഇത് 1991ലെ നിയമത്തിന്റെ ലംഘനമാണ്. ഇക്കാര്യത്തിൽ എന്റെ ആശങ്ക ശരിയായിരിക്കുന്നു. ഗ്യാൻവാപി, പള്ളിയാണ്. ലോകാവസാനം വരെ അത് പള്ളിയായി തന്നെ നിലനിൽക്കും''-അദ്ദേഹം പറഞ്ഞു.

ആരാധന ഇടങ്ങൾ സംബന്ധിച്ച 1991ലെ നിയമത്തിന്റെ പരിധി ലംഘിക്കുന്നതാണ് വാരാണസി കോടതി വിധിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് അഭിപ്രായപ്പെട്ടു. ബാബരി കേസിലെ സുപ്രീംകോടതി വിധിയെ മറികടക്കുന്നതാണിത്. 1991ലെ നിയമത്തിന് അടിവരയിടുന്നതും ഉയർത്തിപ്പിടിക്കുന്നതുമാണ് അയോധ്യ കേസിലെ സുപ്രീംകോടതി വിധി''-അദ്ദേഹം പറഞ്ഞു.

1991ലെ നിയമം ഇല്ലാതാകുന്നത് എല്ലാ പഴയ കേസുകളും വീണ്ടും ഉയർന്നുവരാൻ ഇടയാക്കുമെന്ന് ഹൈദരാബാദ് 'നൽസാർ' നിയമ സർവകലാശാല വൈസ് ചാൻസലർ ഫൈസാൻ മുസ്തഫ ആശങ്ക പ്രകടിപ്പിച്ചു. സംഘ്പരിവാർ, പള്ളികളെക്കുറിച്ചുമാത്രം സംസാരിക്കുന്നതിനുപകരം പ്രതിവർഷം രണ്ടു കോടി പേർക്ക് ജോലിയുൾപ്പെടെ തങ്ങളുടെ വാഗ്ദാനങ്ങളെക്കുറിച്ച് സംസാരിക്കണമെന്ന് ജമ്മു-കശ്മീരിലെ പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പറഞ്ഞു. പണപ്പെരുപ്പമടക്കം തടയാൻ അവർ എന്തു നടപടിയാണ് സ്വീകരിക്കുന്നത്? ഗ്യാൻവാപി പള്ളി തകർത്താൽ എല്ലാമായോ?-മെഹബൂബ ചോദിച്ചു.

ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദം തികച്ചും വസ്തുതവിരുദ്ധമാണെന്നും സാമുദായിക സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും അഖിലേന്ത്യ മുസ്‍ലിം വ്യക്തിനിയമ ബോർഡ് വ്യക്തമാക്കി. ''ഗ്യാൻവാപി, പള്ളിയാണ്. അത് പള്ളിയായിത്തന്നെ നിലനിൽക്കും. പള്ളി ക്ഷേത്രമാക്കി മാറ്റാനുള്ള നീക്കം ഗൂഢാലോചനയാണ്. ഇത് നിയമത്തിന്റെയും ഭരണഘടന അവകാശങ്ങളുടെയും പ്രശ്നമാണ്. 1937ലെ ദീൻ മുഹമ്മദ് കേസിൽ, ഗ്യാൻവാപി സമുച്ചയം പൂർണമായും മുസ്‍ലിം വഖഫ് ബോർഡിനും അതുവഴി മുസ്‍ലിംകൾക്ക് നമസ്കാരത്തിനും അവകാശപ്പെട്ടതാണെന്ന് കോടതി വിധിച്ചിരുന്നു. പള്ളിയുടെയും ക്ഷേത്രത്തിന്റെയും ഭൂമി എത്ര ഭാഗമെന്ന് അന്ന് കോടതി തീരുമാനിച്ചിട്ടുണ്ട്. 1991ലെ നിയമപ്രകാരം ആരാധനാലയങ്ങൾ സംരക്ഷിക്കാൻ സർക്കാർ തയാറാകണം''-വ്യക്തി നിയമ ബോർഡ് ജനറൽ സെക്രട്ടറി ഖാലിദ് സൈഫുല്ല റഹ്മാനി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gyanvapi mosquePlaces Of Worship Act 1991
News Summary - Widespread concern over Varanasi court verdict; ‘Gyanvapi masjid verdict overturns Places Of Worship Act 1991’
Next Story