അദാനി എൻ.ഡി.ടി.വി കൈയടക്കുന്നതിൽ വ്യാപക വിമർശനം
text_fieldsന്യൂഡൽഹി: പ്രമുഖ ടി.വി ചാനലായ എൻ.ഡി.ടി.വിയുടെ നിയന്ത്രണം വ്യവസായി ഗൗതം അദാനി പിടിച്ചടക്കുന്നതിൽ വ്യാപക വിമർശനം. മാധ്യമലോകത്തെ അമ്പരപ്പിച്ച ഈ നീക്കത്തിലൂടെ സ്വതന്ത്ര മാധ്യമങ്ങളുടെ രൂപസാദൃശ്യംപോലും കശക്കിയെറിയുകയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.
എൻ.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരികൾ അദാനി വളഞ്ഞ വഴിയിലൂടെയാണ് സ്വന്തമാക്കിയത്. മറ്റൊരു 26 ശതമാനംകൂടി സമ്പാദിക്കാൻ നീക്കം നടത്തുന്നുമുണ്ട്. ചൊവ്വാഴ്ച വരെ വിവരം അറിഞ്ഞതേയില്ലെന്നും ചർച്ചയോ അനുമതിയോ കൂടാതെയാണ് ഓഹരി കൈമാറ്റം നടത്തിയതെന്നും എൻ.ഡി.ടി.വി വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ സവിശേഷ സുഹൃത്ത് നയിക്കുന്ന ഊതിവീർപ്പിച്ച കമ്പനി പ്രമുഖ ടി.വി ചാനലിന്റെ നിയന്ത്രണം കൈയടക്കിയത് രാഷ്ട്രീയ-സാമ്പത്തിക അധികാര കേന്ദ്രീകരണമല്ലാതെ മറ്റൊന്നുമല്ലെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു. ഈ ഇടപാടിൽ 'വിശ്വപ്രധാന്റെ' പങ്കാളിത്തം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ അവസാന കേന്ദ്രവും വ്യവസായി ഏറ്റെടുക്കുകയാണെന്ന് പ്രമുഖ അഭിഭാഷകൻ കപിൽ സിബൽ എം.പി പറഞ്ഞു. ഇതിൽ നമ്മൾ ആശങ്കപ്പെടണമെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.