പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം; ട്വിറ്ററിൽ ട്രെൻഡിങ്ങായി 'മോദി ഗോബാക്ക്'
text_fieldsചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം വ്യാപകമാകുന്നു. 'മോദി ഗോബാക്ക്' ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായിരിക്കുകയാണ്. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി വ്യാഴാഴ്ചയാണ് മോദി തമിഴ്നാട്ടിലെത്തുന്നത്. 31,400 കോടിയുടെ 11 പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കമിടുക.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് വികസന പദ്ധതികൾക്കായി വൻതോതിൽ ഫണ്ട് നൽകുമ്പോൾ തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അവഗണിക്കുകയാണെന്നാണ് പ്രധാന വിമർശനം. മോദി ജനാധിപത്യത്തെയും ഭരണഘടനയെയും തകർക്കുകയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ മോദി തമിഴ്നാട്ടിലെത്തുമ്പോഴും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ഡി.എം.കെ, കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രധാനമായും പ്രതിഷേധം അരങ്ങേറുന്നത്. 'മോദി ഗോബാക്ക്' എന്നെഴുതിയ കറുത്ത ബലൂൺ പറത്തിയുള്ള പ്രതിഷേധം വൻ ശ്രദ്ധ നേടുന്നുണ്ട്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് വിടുതലൈ ചിറുതൈകൾ കച്ചി നേതാവും എം.പിയുമായ തോൾ തിരുമാവളവൻ അറിയിച്ചു. ഇടതു പാർട്ടികളും പ്രതിഷേധത്തിൽ പങ്കുചേരും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ചെന്നൈയിൽ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.