തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയിൽ വ്യാപക അക്രമം; രണ്ടു ജില്ലകളിൽ നിരോധനാജ്ഞ
text_fieldsഅഗർത്തല: ത്രിപുരയിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ അക്രമ പരമ്പര. നിരവധി സി.പി.എം, ബി.ജെ.പി, കോൺഗ്രസ്, ടിപ്ര മോത പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റു. 50 ലധികം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. പശ്ചിമ ത്രിപുര, ധലായ് ജില്ലകളിൽ 144 പ്രഖ്യാപിച്ചു.
സെപാഹിജാല, ഖോവായ്, ഉനകോട്ടി, പശ്ചിമ ത്രിപുര തുടങ്ങിയ ജില്ലകളിലാണ് സംഘർഷം രൂക്ഷം. വീടുകളും പശുത്തൊഴുത്തും പാർട്ടി ഓഫിസുകളും ആക്രമിച്ചു. അഗർത്തലയിൽ ത്രിപുര മോട്ടോർ ശ്രമിക് യൂനിയന്റെ ഓഫിസിനുനേരെയും ആക്രമണമുണ്ടായി. എട്ടോളം പേരെ ഗുരുതര പരിക്കേറ്റ് അഗർത്തലയിലെ ജി.ബി പന്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച ഡോ. മണിക് സാഹ കർശന നടപടി എടുക്കാൻ പൊലീസിന് നിർദേശം നൽകി. സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 22 പേരെ അറസ്റ്റ് ചെയ്തു. നാല് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു.
സംഘർഷബാധിത പ്രദേശങ്ങളിൽ പട്രോളിങ് ശക്തമാക്കുകയും എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സമാധാന യോഗങ്ങൾ നടത്തുകയും ചെയ്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി മണിക് സാഹ ഗവർണർക്കു രാജി നൽകി. തുടർച്ചയായി രണ്ടാമതും അധികാരം നിലനിർത്തിയ ബി.ജെ.പിയെ നയിച്ച മണിക് സാഹ പുതിയ മന്ത്രിസഭ രൂപവത്കരണത്തിനുള്ള അവകാശവാദമുന്നയിക്കാത്തതും ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.