കൊല്ലപ്പെട്ട യുവമോർച്ച നേതാവിന്റെ ഭാര്യക്ക് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി നൽകി
text_fieldsമംഗളൂരു: അക്രമികൾ കൊലപ്പെടുത്തിയ യുവമോർച്ച ദക്ഷിണ കന്നഡ ജില്ല സമിതി അംഗമായിരുന്ന പ്രവീൺ നെട്ടറുവിന്റെ (32) വിധവ നൂതൻ കുമാരിക്ക് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഓഫീസിൽ ജോലി നൽകി സർക്കാർ ഉത്തരവ്. 30,350 രൂപ ശമ്പളത്തിൽ ക്ലർക്ക് തസ്തികയിലാണ് കരാർ വ്യവസ്ഥയിൽ നിയമനം.
മുഖ്യമന്ത്രിയുടെ കാര്യാലയത്തിൽ 115 സി.ഗ്രൂപ്പ് ജീവനക്കാരിൽ ഒരാളാവും ഇനി മുതൽ നൂതൻ. 1977ലെ കർണാടക സിവിൽ സർവീസ് ചട്ടപ്രകാരം നേരിട്ട് നിയമനം നടത്താവുന്ന തസ്തികയാണിത്. ഇതിന് മുകളിലെ പദവികളിൽ നേരിട്ട് നിയമനം സാധ്യമാവില്ല. സോമലിംഗപ്പ എന്നയാളെ ഒഴിവാക്കിയാണ് നൂതന് ഇരിപ്പിടം ഒരുക്കിയത്. ഇന്നലെ പുറത്തിറങ്ങിയ നിയമന ഉത്തരവിന് ഈ മാസം 22 മുതൽ പ്രാബല്യമുണ്ട്. നിലവിലെ മുഖ്യമന്ത്രി തുടരുന്നത് വരെയോ മറ്റൊരു ഉത്തരവ് വരെയോ ആണ് നിയമന കാലാവധി. തസ്തികക്ക് ആവശ്യമായ അടിസ്ഥാന യോഗ്യതകൾ ഉണ്ടെന്ന് ഉത്തരവിൽ പറയുന്നു.
ജൂലൈ 26നാണ് പ്രവീണിനെ തന്റെ പുത്തൂർ നെട്ടറുവിലെ കോഴിക്കട അടച്ച് പോവാൻ നേരം ബൈക്കുകളിൽ എത്തിയ സംഘം അക്രമിച്ച് കൊലപ്പെടുത്തിയത്. ബി.ജെ.പിയിലെ ക്ഷുഭിത യുവത്വം പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എം.പിയുൾപ്പെടെ നേതാക്കളേയും മന്ത്രിമാരെയും എംഎൽഎമാരെയും അടക്കം ജനപ്രതിനിധികളെ തെരുവുകളിൽ തടഞ്ഞ് പ്രതിഷേധിച്ചതായിരുന്നു സംഭവത്തിന്റെ തുടർച്ച. ഇതേത്തുടർന്ന് ജൂലൈ 28ന് നടത്താൻ നിശ്ചയിച്ച ബസവരാജ് ബൊമ്മൈ മന്ത്രിസഭയുടെ ഒന്നാം വാർഷിക പരിപാടികൾ മാറ്റിവെച്ചു.
പോപ്പുലർ ഫ്രണ്ട്, കേരള ബന്ധങ്ങൾ ഉണ്ടെന്ന് ആരോപിക്കപ്പെട്ട പ്രവീൺ വധക്കേസ് കർണാടക സർക്കാർ എൻ.ഐ.എക്ക് കൈമാറിയിരുന്നു. ഈ കേസിന്റെ അന്വേഷണമാണ് പി.എഫ്.ഐ നിരോധിക്കാൻ കാരണമാവുന്ന തെളിവുകൾ ശേഖരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകാൻ എൻ.ഐ.എയെ സഹായിച്ചത്.
പ്രവീണിന്റെ വിധവക്ക് ജോലി നൽകും എന്ന് മുഖ്യമന്ത്രി ദൊഡ്ഢബല്ലപ്പൂരിൽ ബി.ജെ.പിയുടെ ജനസ്പന്ദന റാലിയിൽ പ്രഖ്യാപനം നടത്തിയത് ഈ മാസം ആദ്യമാണ്. പ്രവീൺ വധത്തെത്തുടർന്ന് വീട്ടിൽ എത്തിയ മുഖ്യമന്ത്രി 25 ലക്ഷം രൂപ സർക്കാർ സഹായം കൈമാറിയിരുന്നു. എന്നാൽ ദക്ഷിണ കന്നഡ ജില്ലയിൽ സമകാലം കൊല്ലപ്പെട്ട മറ്റു രണ്ട് യുവാക്കളുടെ കുടുംബത്തോട് മുഖ്യമന്ത്രിയും സർക്കാറും നീതിപുലർത്തിയില്ലന്ന് ആക്ഷേപമുണ്ട്.
പ്രവീൺ കൊല്ലപ്പെട്ട ബെല്ലാരെ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബന്ധുവീട്ടിൽ താമസിച്ച് ജോലി ചെയ്ത് ജീവിക്കുകയായിരുന്ന കാസർകോട് സ്വദേശി മസൂദ് (19) ജൂലൈ 21ന് കൊല്ലപ്പെട്ടിരുന്നു. സംഘ്പരിവാർ പ്രവർത്തകരാണ് ഈ കേസിൽ പ്രതികൾ. പ്രവീൺ വധിക്കപ്പെട്ട് 48 മണിക്കൂറിനകം മുഖ്യമന്ത്രി ജില്ലയിൽ തങ്ങിയ സൂറത്ത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മുഹമ്മദ് ഫാസിൽ (23) കൊല്ലപ്പെട്ടു. ഈ കേസിലും സംഘ്പരിവാർ പ്രവർത്തകരാണ് പ്രതികൾ. ഈ രണ്ട് കുടുംബങ്ങളെയും കാണുകയോ സഹായം നൽകുകയോ ചെയ്യാത്ത മുഖ്യമന്ത്രി, സന്ദർശിക്കും എന്ന വാഗ്ദാനം പാലിച്ചതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.