കുംഭമേളയിൽ ജോലി ലഭിച്ച നാലു ലക്ഷം യുവാക്കൾ വീണ്ടും ജോലിക്കായി 144 വർഷം കാത്തിരിക്കുമോ? -യോഗിയോട് അഖിലേഷ്
text_fieldsലഖ്നോ: ഉത്തർപ്രദേശ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്. മഹാ കുംഭമേളയിൽ ഭക്തരെ സഹായിക്കുന്നതിനായി മോട്ടോർ സൈക്കിൾ റൈഡേഴ്‌സ് ആയി ജോലി ചെയ്ത നാല് ലക്ഷം യുവാക്കൾ വീണ്ടും ജോലിക്കായി 144 വർഷം കാത്തിരിക്കുമോ എന്ന് അഖിലേഷ് ചോദിച്ചു.
മഹോബയിൽ മാധ്യമങ്ങളോട് സംസാരിക്കവെ, സംസ്ഥാനത്തെ ദീർഘകാല തൊഴിലവസരങ്ങളുടെ അഭാവത്തെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു മുൻമുഖ്യമന്ത്രി അഖിലേഷ് യാദവ് വിമർശനമുന്നയിച്ചത്.
‘മഹാ കുംഭമേളയിൽ ഭക്തരുടെ യാത്രക്ക് സഹായിക്കുന്നതിനായി മോട്ടോർ സൈക്കിളുകൾ ഓടിച്ചതിനാൽ നാലു ലക്ഷം യുവാക്കൾക്ക് തൊഴിൽ ലഭിച്ചുവെന്ന് യു.പി മുഖ്യമന്ത്രി പറയുന്നു. ഇതിനർത്ഥം 144 വർഷത്തിനകമായിരിക്കും അവർക്ക് വീണ്ടും തൊഴിൽ ലഭിക്കുക എന്നാണോ?’ -144 വർഷത്തിലൊരിക്കൽ നടക്കുന്ന അടുത്ത പൂർണ്ണ ചക്ര മഹാ കുംഭമേളയെ പരാമർശിച്ച് അഖിലേഷ് ചോദിച്ചു.
മഹാ കുംഭമേളയ്ക്കിടെ കാണാതായ നൂറുകണക്കിനാളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ പ്രയാഗ് രാജ് സന്ദർശിക്കുകയാണെങ്കിൽ പൊലീസ് സ്റ്റേഷനുകൾക്കും ആശുപത്രികൾക്കും പുറത്തും പൊതുസ്ഥലങ്ങളിലുമെല്ലാം കാണാതായവർക്കായി നോട്ടീസ് പതിച്ചത് കാണാം. സർക്കാർ കണക്കുകൾ പ്രകാരം ഏകദേശം 900 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല -അഖിലേഷ് പറഞ്ഞു.
2027 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതുവരെ നേരിടാത്ത ഏറ്റവും മോശം പരാജയമായിരിക്കും ബി.ജെ.പിക്കുണ്ടാകുകയെന്നും അഖിലേഷ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.