അജിത് പവാറിന്റെ 19 എം.എൽ.എമാർ മറുകണ്ടം ചാടുമെന്ന് രോഹിത് പവാർ; അടിയന്തിര യോഗം വിളിച്ച് പാർട്ടി
text_fieldsമുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ അജിത് പവാർ പക്ഷത്തിന് ദയനീയ തോൽവി നേരിടുകയും ശരദ്പവാർ വിഭാഗത്തിലേക്ക് കാലുമാറിയ രണ്ട് നേതാക്കളും ഞെട്ടിക്കുന്ന വിജയം കാഴ്ചവെക്കുകയും ചെയ്തതോടെ അജിത് പക്ഷത്തിന്റെ കാലിടറുന്നു. അജിത്തിന്റെ കൂടെയുള്ള 19 എം.എൽ.എമാർ ശരദ് പവാറിനൊപ്പം ചേരാൻ താൽപര്യം പ്രകടിപ്പിച്ചതായി അദ്ദേഹത്തിന്റെ സഹോദര പൗത്രനും കർജാത്-ജാംഖഡ് എം.എൽ.എയുമായ രോഹിത് പവാർ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് അജിത് വിഭാഗം എം.എൽ.എമാർ അദ്ദേഹത്തിന്റെ വസതിയിൽ പ്രത്യേക യോഗം ചേർന്നു.
“അജിത് പവാർ ക്യാമ്പിലെ 18 മുതൽ 19 വരെ എം.എൽ.എമാർ പാർട്ടിയിലേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, പ്രയാസവേളയിൽ ഒപ്പം നിന്നവർക്ക് ശരദ് പവാർ പ്രധാന്യം നൽകും. അവർക്കായിരിക്കും പാർട്ടിയുടെ മുൻഗണന’ -രോഹിത് പവാർ പറഞ്ഞു.
പാർട്ടി മാറി അഹമ്മദ്‌നഗർ, ബീഡ് ലോക്‌സഭാ മണ്ഡലങ്ങളിൽ എൻ.സി.പി ശരദ് പവാർ വിഭാഗം സ്ഥാനാർഥികളായ നിലേഷ് ലങ്കെ, ബജ്‌രംഗ് സോനവാനെ എന്നിവരാണ് അജിത് വിഭാഗത്തെ ഞെട്ടിച്ച് വിജയം കൈവരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം നടക്കുന്നതിനിടെയായിരുന്നു ലങ്കെയും സോനവാനെയും കാലുമാറിയത്. അജിത് പവാറിന്റെ ജന്മനാടായ ബാരാമതി ലോക്‌സഭാ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര ദയനീമായി പരാജയപ്പെട്ടിരുന്നു. ശരദ് പവാറിന്റെ മകൾ സുപ്രിയയോടാണ് സുനേത്രക്ക് കനത്ത പ്രഹരമേറ്റത്. ഒന്നരലക്ഷത്തിലേറെ വോട്ടിനായിരുന്നു തോൽവി. ഇതിനുപിന്നാലെ, എൻ.ഡി.എ യോഗത്തിന് പോകാതെ അജിത് വിട്ടുനിന്നതും ചർച്ചയായി.
ശരദ് പക്ഷത്തേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരുടെ കാര്യത്തിൽ അന്തിമ തീരുമാനം ശരദ് പവാർ കൈക്കൊള്ളുമെന്ന് എൻ.സി.പി (എസ്.സി.പി) സംസ്ഥാന പ്രസിഡൻറ് ജയന്ത് പാട്ടീൽ പറഞ്ഞു. അതിനിടെ, തങ്ങളുടെ ഒരു എം.എൽ.എയും ശരദ് പവാർ പക്ഷത്തേക്ക് മാറാൻ ഉദ്ദേശിക്കുന്നില്ലെന്ന് എൻ.സി.പി അജിത് വിഭാഗം സംസ്ഥാന പ്രസിഡന്റ് സുനിൽ തത്കരെ അവകാശപ്പെട്ടു. ‘ഇന്ന് എല്ലാ എം.എൽ.എമാരുടെയും വിളിച്ചിട്ടുണ്ട്. ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു എം.എൽ.എയും എവിടെയും പോകില്ല. പകരം, ശരദ് പവാർ ഗ്രൂപ്പിലെ ചില എം.എൽ.എമാർ കോൺഗ്രസുമായി സമ്പർക്കത്തിലാണുള്ളത്’ -തത്കരെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.