നാഗ്പൂർ: ശവക്കുഴി മാന്തിയായാലും അക്രമികളെ നിയമത്തിന് മുന്നിലെത്തിക്കും -ഫഡ്‌നാവിസ്
text_fieldsദേവേന്ദ്ര ഫഡ്‌നാവിസ്
ന്യൂഡൽഹി: നാഗ്പൂർ അക്രമത്തിന് ഉത്തരവാദികളായവരെ ശവക്കുഴി മാന്തിയായാലും പുറത്തെടുത്ത് നിയമത്തിന് മുന്നിൽ ഹാജരാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ‘നാഗ്പൂരിലെ അക്രമത്തിനിടെ പൊലീസിനെ ആക്രമിച്ചവരെ അവരുടെ ശവക്കുഴികളിൽ നിന്ന് പുറത്തെടുത്തായാലും ഏറ്റവും കഠിനമായ ശിക്ഷ നൽകും. പൊലീസിനെതിരായ ആക്രമണങ്ങൾ മാപ്പർഹിക്കാത്തതാണ്. ഞങ്ങൾ അവരെ വെറുതെ വിടില്ല’ -ഫഡ്‌നാവിസ് മഹാരാഷ്ട്ര നിയമസഭയിൽ പറഞ്ഞു.
തിങ്കളാഴ്ച രാത്രി നാഗ്പൂരിൽ നടന്ന സംഘർഷത്തിനിടെ വനിതാ കോൺസ്റ്റബിളിനെ അക്രമികൾ കൈയേറ്റം ചെയ്തുവെന്ന് പരാതി ഉയർന്നിരുന്നു. ജനക്കൂട്ടം കല്ലുകളും പെട്രോൾ ബോംബുകളും എറിഞ്ഞതിനെ തുടർന്ന് ഡിസിപി റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥർ ഉൾപ്പെടെ 33 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സാമൂഹിക ഐക്യം തകർക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് ഫഡ്‌നാവിസ് പറഞ്ഞു.
‘അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്നകാര്യം അന്വേഷിക്കുമെന്ന് നാഗ്പൂർ പൊലീസ് കമ്മീഷണർ പറഞ്ഞിട്ടുണ്ട്. പരസ്പരവിരുദ്ധമായി ഒന്നും ഞാൻ പറഞ്ഞിട്ടില്ല. നാഗ്പൂർ നഗരത്തിലെ സ്ഥിതി ഇപ്പോൾ ശാന്തമാണ്. 1992ന് ശേഷം നഗരത്തിൽ ഒരു കലാപവും ഉണ്ടായിട്ടില്ല. അക്രമം ചിലർ ആസൂത്രണം ചെയ്തതാണ്. വിഎച്ച്പിയുടെ പ്രതിഷേധത്തിനിടെ ഔറംഗസീബിന്റെ ശവകുടീരത്തിന്റെ മാതൃക മാത്രമാണ് കത്തിച്ചത്. ഖുർആൻ വാക്യങ്ങൾ കത്തിച്ചിട്ടില്ലെന്ന് ഞങ്ങൾ സ്ഥിരീകരിച്ചു. എന്നാൽ, മനപൂർവം ചിലർ കിംവദന്തികൾ പ്രചരിപ്പിച്ചു’ -അദ്ദേഹം പറഞ്ഞു.
ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ചിലരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഔറംഗസീബിന്റെ ശവകുടീരം തകർക്കുമെന്ന ഹിന്ദുത്വ സംഘടനകളുടെ പ്രഖ്യാപനവും പ്രകടനവുമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. തിങ്കളാഴ്ച രാവിലെ 11ന് മഹലിലെ ശിവജി ചൗക്കിൽ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി), ബജ്റംഗ്ദൾ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിൽ ശവകുടീരത്തിന്റെ മാതൃക കത്തിച്ചു. ഒപ്പം അതിന്മേൽ വിരിച്ച ഖുർആൻ വാക്യങ്ങളുള്ള വിരിപ്പും കത്തിച്ചെന്ന് അഭ്യൂഹം പ്രചരിച്ചതോടെ ഒരുവിഭാഗം പ്രകോപിതരായി രംഗത്തുവന്നു. വി.എച്ച്.പി, ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ ഇവർ ഗണേഷ്പേത്ത് പൊലീസിൽ പരാതി നൽകി.
എന്നാൽ, രാത്രി എട്ടരയോടെ 80 ഓളം പേർ തടിച്ചുകൂടുകയും തർക്കമുണ്ടാകുകയും ചെയ്തു. ആദ്യം പൊലീസിന് നേരെയാണ് കല്ലേറുണ്ടായത്. ലാത്തിച്ചാർജ് നടത്തിയ പൊലീസ് പിന്നീട് കണ്ണീർവാതകവും ജലപീരങ്കിയുംപ്രയോഗിച്ചു.17-ാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്‍റെ ശവകുടീരം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. നേരത്തെ ഔറംഗാബാദ് എന്നായിരുന്നു ഛത്രപതി സംഭാജിനഗറിന്‍റെ പേര്.
അക്രമികൾ നാഗ്പൂരിൽനിന്നുള്ളവരല്ലെന്നും പുറത്തുനിന്നെത്തിയ ചിലരാണ് അക്രമം നടത്തിയതെന്നും മഹാരാഷ്ട്ര ന്യൂനപക്ഷ കമീഷൻ ചെയർമാൻ പ്യാരേ ഖാൻ പറഞ്ഞു. സമാധാനം പാലിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ജനങ്ങളോട് ആവശ്യപ്പെട്ടു.
അക്രമ സംഭവത്തിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാറിനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തെത്തി. ക്രമസമാധാനം പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും 300 വർഷത്തെ സാമുദായിക ഐക്യത്തിന്റെ ചരിത്രമുള്ള നഗരത്തിൽ ഇത്തരമൊരു അസ്വസ്ഥത എങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു. ചില രാഷ്ട്രീയ പാർട്ടികൾ സ്വന്തം നേട്ടങ്ങൾക്കായി മനഃപൂർവം സംഘർഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മറാത്ത ചക്രവർത്തി ശിവജിയുടെ ജന്മദിനമായ തിങ്കളാഴ്ച ശിവജി ചൗക്കിൽ ശിവജി ഭക്തർ തടിച്ചുകൂടിയിരുന്നു. ഇതിനിടെ ചത്രപതി സംബാജിനഗറിലെ (ഔറംഗാബാദ്) ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും പ്രതിഷേധം നടത്തി. ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നും അല്ലെങ്കില്‍ ബാബരി മസ്ജിദിന്റെ സ്ഥിതി ആവർത്തിക്കുമെന്നുമാണ് വിശ്വഹിന്ദു പരിഷത്തും ബജ്റങ് ദളും ഭീഷണി മുഴക്കി. ഔറംഗസീബിന്റെ ശവകുടീരത്തിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. വൈകുന്നേരം ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടാകുകയും ഇത് കല്ലേറിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് നടന്ന അക്രമത്തിൽ നിരവധി വാഹനങ്ങൾക്ക് തീയിട്ടു. 40 വാഹനങ്ങൾ നശിപ്പിച്ചെന്നാണ് വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.