അരിക്കൊമ്പനെ തുറന്നുവിടുമെന്ന് തമിഴ്നാട് വനം മന്ത്രി; ഹൈകോടതി നിർദേശം ലഭിച്ചില്ലെന്ന് വിശദീകരണം
text_fieldsചെന്നൈ: മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ തുറന്നുവിടുമെന്ന് തമിഴ്നാട് വനം മന്ത്രി മതിവേന്തൻ. അതേസമയം, അരിക്കൊമ്പനെ ചൊവ്വാഴ്ച രാവിലെ വരെ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈകോടതി നിർദേശിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. ആനയെ തിരുനെല്‍വേലിയില്‍ തുറന്നു വിടുന്നതിനെതിരെ എറണാകുളം സ്വദേശി റെബേക്ക ജോസഫ് നല്‍കിയ പൊതുതാൽപര്യ ഹരജിയിലാണ് മദ്രാസ് ഹൈകോടതി മധുര ബെഞ്ചിന്‍റെ നിർദേശമെന്നായിരുന്നു വാർത്തകൾ.
എന്നാൽ, ഇക്കാര്യത്തിൽ മദ്രാസ് ഹൈകോടതിയിൽ നിന്ന് ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്നാണ് വനം മന്ത്രി വ്യക്തമാക്കുന്നത്. ഇതോടെ തിങ്കളാഴ്ച തന്നെ ആനയെ വനത്തിൽ തുറന്നുവിടാനാണ് സാധ്യത. അരിക്കൊമ്പനെ എത്രയും വേഗം തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് റെബേക്ക ജോസഫ് ഹരജി നൽകിയത്. അരിക്കൊമ്പന്റെ ആരോഗ്യ നിലയിലും തമിഴ്‌നാട് വനംവകുപ്പിന് കീഴില്‍ ആന സുരക്ഷിതനായിരിക്കുമോയെന്നതിലും ആശങ്കയുണ്ടെന്നും ഹരജിൽ പറയുന്നു.
കോടതി ചൊവ്വാഴ്ച കേസില്‍ വിശദമായ വാദം കേള്‍ക്കും. ചൊവ്വാഴ്ച തമിഴ്‌നാട് സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും വാദം കേട്ട ശേഷമാകും അന്തിമ ഉത്തരവുണ്ടാകുക. അതുവരെ വനംവകുപ്പിന്‍റെ കസ്റ്റഡിയില്‍ ആനയെ പാര്‍പ്പിക്കണമെന്നായിരുന്നു കോടതി നിർദേശം.
എന്നാൽ, രാത്രി ആനയെ കസ്റ്റഡിയിൽ വെക്കാനാവില്ലെന്ന് തമിഴ്നാട് വനംവകുപ്പ് മദ്രാസ് ഹൈകോടതിയെ അറിയിച്ചിരുന്നു. ഇതിതുപിന്നാലെയാണ് വനം മന്ത്രി രംഗത്തെത്തിയത്. തിങ്കളാഴ്ച പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയത്. കളക്കാട് ടൈഗര്‍ റിസര്‍വ് കേന്ദ്രത്തിലേക്ക് ആനയെ മാറ്റാനാണ് വനംവകുപ്പിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.