പുതുചരിത്രമാവുമോ ബിഹാർ തുടക്കം ?
text_fieldsന്യൂഡൽഹി: ബിഹാറിന്റെ മണ്ണിൽ പ്രതിപക്ഷം മുഴക്കിയ ഐക്യ കാഹളം മോദി സർക്കാറിനും ബി.ജെ.പിക്കും എതിരായ വൻമുന്നേറ്റമാവുമോ? വലിയ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് തുടക്കമിട്ട ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നിൽ നടന്ന പ്രതിപക്ഷ ഒത്തുചേരൽ ബി.ജെ.പിക്ക് നൽകുന്ന താക്കീത് എന്താണ്?
കന്യാകുമാരി മുതൽ കശ്മീർ വരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ പാർട്ടി നേതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കിയ പട്ന സമ്മേളനം ലോക്സഭ തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രതിപക്ഷ ഐക്യത്തിലെ സുപ്രധാനമായൊരു ചുവടാണ്. ഇവിടെ നിന്നങ്ങോട്ട് ബി.ജെ.പിക്കെതിരായ കരുനീക്കം എങ്ങനെ വേണമെന്ന് വിശദമായി ചർച്ച ചെയ്യാൻ ഒരു മാസത്തിനകം രണ്ടു ദിവസത്തെ ഷിംല സമ്മേളനം നിശ്ചയിച്ചാണ് 17 പാർട്ടികളുടെ നേതാക്കൾ പട്നയിൽ നിന്ന് മടങ്ങിയത്.
സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് മാത്രമല്ല, അടിയന്തരാവസ്ഥക്കെതിരായ പടയൊരുക്കത്തിനും വലിയ സംഭാവന നൽകിയ സോഷ്യലിസ്റ്റ് ഭൂമികയാണ് ബിഹാർ. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുകയെന്ന പ്രമേയം മുന്നോട്ടുവെക്കുന്ന പുതിയ ജനകീയ പോരാട്ടം അവിടെ നിന്നു തന്നെ തുടങ്ങുന്നുവെന്ന പ്രത്യേകത പുതിയ നീക്കങ്ങളിലുണ്ട്.
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരം പിടിച്ചവരിൽ പ്രധാനികളായ നിതീഷ് കുമാറും ലാലു പ്രസാദും ഒന്നിച്ചുനിന്ന് അത്തരമൊരു മുന്നേറ്റത്തിനാണ് ആതിഥേയത്വം വഹിച്ചത്. പട്നയിൽ യോഗം വിളിക്കണമെന്ന നിർബന്ധ ബുദ്ധി ആദ്യം പ്രകടിപ്പിച്ചത് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയാണ്.
പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ യോഗം നടത്തുന്ന പതിവിൽ നിന്ന് മാറി ചിന്തിച്ചേ മതിയാവൂ എന്ന താൽപര്യമാണ് അതിൽ പ്രതിഫലിച്ചത്. കോൺഗ്രസിന്റെ നേതൃത്വം അംഗീകരിക്കാൻ മടിയുള്ളവരെകൂടി ഒരു കുടക്കീഴിൽ കൊണ്ടുവരുകയെന്ന ദൗത്യം വിജയിപ്പിക്കാൻ അത് സഹായകമായിത്തീർന്നു. നേതൃപരമായ അവകാശവാദങ്ങൾ മാറ്റിവെക്കാൻ കോൺഗ്രസ് തയാറാവുകയും ചെയ്തു.
ബി.ജെ.പിയെ താഴെയിറക്കണമെന്ന് താൽപര്യമുള്ളവർ ഒന്നിച്ചൊരു വേദിയിൽ വന്നത് മോദി സർക്കാറിനെ അലട്ടുന്നുണ്ട്. ഇതൊരു തട്ടിക്കൂട്ട് ഐക്യമാണെന്ന വിമർശനത്തോടെ അത് നേരിടുന്നെങ്കിലും, വളരുന്ന ഭരണവിരുദ്ധ വികാരം ഒന്നിച്ചു നിന്ന് ചെറുക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞാൽ തെരഞ്ഞെടുപ്പു കാലത്തെ വിഭാഗീയ അജണ്ടകളെയും അത് പരാജയപ്പെടുത്തിയെന്നിരിക്കും. എന്നാൽ അതിലേക്കെത്താൻ പ്രതിപക്ഷം കാതങ്ങൾ തന്നെ താണ്ടണം.
പ്രധാനമായും കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി.പി.എം, ആം ആദ്മി പാർട്ടി എന്നിവക്കിടയിലെ പോര് മാറ്റി നിർത്തി വിവിധ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ ഐക്യം സാധ്യമാക്കുന്നതുതന്നെ പ്രധാന വെല്ലുവിളി. ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്ന പൊതുലക്ഷ്യത്തിനായി രണ്ടു ഡസനോളം വരുന്ന ചെറുതും വലുതുമായ പാർട്ടികൾ സ്വന്തം തെരഞ്ഞെടുപ്പ് മോഹങ്ങൾ ബലി കഴിക്കാൻ എത്രത്തോളം തയാറാകുമെന്ന് കണ്ടുതന്നെ അറിയണം.
ഈ തെരഞ്ഞെടുപ്പിൽ മോദിയെ തോൽപിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇനിയൊരു തെരഞ്ഞെടുപ്പു തന്നെ ഉണ്ടായെന്നു വരില്ലെന്നാണ് യോഗത്തിനുശേഷം നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ മമത ബാനർജി നൽകിയ മുന്നറിയിപ്പ്. ഓരോ പ്രതിപക്ഷ പാർട്ടിക്കും അതുകൊണ്ടുതന്നെ, അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് നിലനിൽപിന്റെ പോരാട്ടം കൂടിയാണ്. അതുകൊണ്ട് പരമാവധി പൊരുത്തപ്പെട്ടു പോകാൻ ശ്രമിക്കുന്നതാണ് കാഴ്ച.
വിവിധ പ്രതിപക്ഷ നേതാക്കളുടെ അവസരത്തിനൊത്ത ഇടപെടലുകളിലൂടെ ഓരോ സംസ്ഥാനങ്ങളിലെയും അനൈക്യങ്ങൾ അലിയിച്ചു കളയാമെന്ന പ്രതീക്ഷയിലാണ് ഈ കൂട്ടായ്മ. അതിനൊത്ത മുദ്രാവാക്യങ്ങളുടെയും തന്ത്രങ്ങളുടെയും പണിപ്പുരയായി ജൂലൈയിലെ ഷിംല സമ്മേളനം മാറും.
പ്രതിപക്ഷത്തിന് പൊതു സ്ഥാനാർഥിയെ അവതരിപ്പിക്കാനും പിന്തുണക്കാനും കഴിയുന്ന ഏതൊരു സീറ്റും ബി.ജെ.പിക്കു ഭീഷണിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ സീറ്റുകളിൽ ഇത്തവണ ചോർച്ചയുണ്ടാവുമെന്ന് തിരിച്ചറിഞ്ഞ്, പുതിയ മേഖലകളിലേക്ക് ബി.ജെ.പി കണ്ണയക്കുന്നതു കൂടിയാണ് നിലവിലെ സാഹചര്യം.
കോൺഗ്രസ്-ആപ് പോരിൽ കാൽതട്ടി ഐക്യ ചുവട്
ന്യൂഡൽഹി: പ്രതിപക്ഷ ഐക്യ നീക്കങ്ങളിൽ തുടക്കത്തിൽതന്നെ കല്ലുകടിയായി കോൺഗ്രസ്, ആം ആദ്മി പാർട്ടി പോര്. പട്നയിൽ പ്രതിപക്ഷ നേതൃയോഗത്തിന് ശേഷം നടന്ന വാർത്തസമ്മേളനത്തിൽ മറ്റെല്ലാ നേതാക്കളും ഐക്യദാഹം പ്രകടമാക്കിയപ്പോൾ ഒരു നേതാവിന്റെ ശബ്ദം മാത്രം ഉയർന്നില്ല. അത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റേതായിരുന്നു. കേന്ദ്രത്തിന്റെ വിവാദ ഡൽഹി ഓർഡിനൻസിൽ കോൺഗ്രസ് കൃത്യമായ നിലപാട് മുൻകൂട്ടി പ്രഖ്യാപിക്കാൻ തയാറായില്ല എന്നതായിരുന്നു കാരണം.
കോൺഗ്രസ് വേരറ്റ സംസ്ഥാനങ്ങളിലാണ് ആം ആദ്മി പാർട്ടി പിടിച്ചു കയറിയത്. കോൺഗ്രസ് ഡൽഹി ഘടകം ആപുമായി ഒരു വിധ നീക്കുപോക്കും വേണ്ടെന്ന നിലപാടിലാണ്. എന്നാൽ വിശാല പ്രതിപക്ഷ ഐക്യത്തെ കരുതി അതു കണ്ടില്ലെന്നു നടിക്കാതെ കോൺഗ്രസിന് വയ്യ.
പാർലമെന്റ് സമ്മേളനം ചേരുമ്പോഴാണ് ഓർഡിനൻസിനെ സഭയിൽ എതിർക്കുന്ന കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിക്കേണ്ടതെന്നും, അപ്പോൾ വിവിധ പാർട്ടികൾക്ക് ഒന്നിച്ചിരുന്നു തീരുമാനിക്കാവുന്നതേയുള്ളൂവെന്നും ഇതിനിടയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിലപാട് സ്വീകരിച്ചു. എന്നാൽ, പട്ന യോഗംതന്നെ നയം വ്യക്തമാക്കണമെന്ന് കെജ്രിവാൾ വാശിപിടിച്ചു.
പക്ഷേ, അത്തരം വിഷയങ്ങളിലേക്കൊന്നും തൽക്കാലം കടക്കാതെ ഐക്യശ്രമങ്ങളിൽ കേന്ദ്രീകരിച്ചു നിൽക്കാനാണ് നേതൃനിര ശ്രദ്ധിച്ചത്. ഇതോടെ കെജ്രിവാൾ എതിർപ്പിന്റെ മുഖം പുറത്തെടുത്തു. ഓർഡിനൻസിൽ കോൺഗ്രസ് നിലപാട് വ്യക്തമായില്ലെങ്കിൽ അടുത്ത മാസം രണ്ടാം വാരം പ്രതിപക്ഷം നടത്താൻ പരിപാടിയിട്ടിരിക്കുന്ന ഷിംല യോഗത്തിൽ ആം ആദ്മി പാർട്ടി പങ്കെടുക്കുമെന്ന് ഉറപ്പില്ല.
പ്രതിപക്ഷ പാർട്ടികളുടെ ഐക്യനീക്കം പൊളിക്കേണ്ടത് ബി.ജെ.പിക്ക് രാഷ്ട്രീയമായി ഏറെ പ്രധാനമാണ്. ജനതദൾ-എസിനെയും ടി.ഡി.പിയേയും മറ്റും സ്വന്തം ചേരിയിലേക്ക് എത്തിക്കാൻ കഴിഞ്ഞ ബി.ജെ.പി, ഒന്നിച്ചു നിൽക്കുന്നവർക്കിടയിൽ ഭിന്നിപ്പിന്റെ വിത്ത് എറിഞ്ഞുകൊടുക്കുന്നുണ്ട്.
പ്രതിപക്ഷ പാർട്ടികൾക്ക് ഒരേ നിലപാടില്ലാത്ത ഏക സിവിൽ കോഡ് അടക്കം ചില വിഷയങ്ങൾ സജീവ ചർച്ചയാക്കുന്നത് ഇതിന്റെ ഭാഗം. പ്രതിപക്ഷത്തെ അനൈക്യം മുതലാക്കാനുള്ള ഇത്തരം ശ്രമങ്ങളിലൊന്നു കൂടിയാണ് ഓർഡിനൻസ്. ഡൽഹി കോൺഗ്രസ് ഘടകം ഓർഡിനൻസിന് അനുകൂലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.