2026 മാർച്ച് 31നകം നക്സലിസം രാജ്യത്ത് തുടച്ചുനീക്കും -അമിത് ഷാ
text_fieldsബസ്തർ (ഛത്തീസ്ഗഡ്): 2026 മാർച്ച് 31നകം നക്സലിസം രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബസ്തർ ഒളിമ്പിക്‌സ് 2024ന്‍റെ സമാപന ചടങ്ങിന്‍റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തിലാണ് അമിത് ഷാ പ്രഖ്യാപനം നടത്തിയത്.
നക്സലുകൾക്ക് ആധിപത്യമുള്ള മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവഹാനി 73 ശതമാനവും സിവിലിയൻ മരണം 70 ശതമാനവുമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിൽ നക്‌സലിസത്തെ പ്രതിരോധിക്കുന്നതിൽ മികച്ച പുരോഗതി കൈവരിച്ചെന്നും അമിത് ഷാ വ്യക്തമാക്കി.
ഛത്തീസ്ഗഡിൽ ബി.ജെ.പി സർക്കാർ നടപ്പാക്കിയ നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങളെ ആഭ്യന്തര മന്ത്രി പ്രശംസിച്ചു. ആദ്യ അഞ്ച് വർഷങ്ങളിൽ നക്‌സൽ വിരുദ്ധ പ്രചാരണത്തിന് സംസ്ഥാന സർക്കാറിന്‍റെ പിന്തുണ ഇല്ലായിരുന്നുവെന്നും എന്നാൽ, ബി.ജെ.പി അധികാരത്തിലേറിയതിന് ശേഷം പ്രവർത്തനങ്ങൾക്ക് വേഗത കൈവരിച്ചെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
ബി.ജെ.പി സർക്കാറിന്‍റെ ആദ്യ വർഷത്തിൽ 287 നക്സലുകളെ വധിച്ചു. 992 പേർ അറസ്റ്റിലായി. 837 പേർ കീഴടങ്ങി. കീഴടങ്ങാനും ആയുധങ്ങൾ ഉപേക്ഷിച്ച് രാജ്യ പുരോഗതിക്ക് സംഭാവന നൽകാനായി മുഖ്യധാരയിൽ ചേരാനും കേന്ദ്ര ആഭ്യന്തര മന്ത്രി നക്സലുകളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.