ബി.ജെ.പി അനുവദിച്ചാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് യോഗി
text_fieldsന്യൂഡൽഹി: പാർട്ടി അനുവദിക്കുകയാണെങ്കിൽ അടുത്ത വർഷം നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗിയുടെ നേതൃത്വത്തിലാകും പാർട്ടി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് യു.പി ബി.ജെ.പി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
നിലവിൽ യു.പി ലെജിസ്ലേറ്റിവ് കീൺസിൽ അംഗമാണ് യോഗി. പാർട്ടി പറയുന്ന മണ്ഡലത്തിൽ മത്സരിക്കാൻ തയാറാണെന്ന് യോഗി പറഞ്ഞു.
2017ൽ നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം യു.പി സർക്കാർ നിറവേറ്റി. ക്രമസമാധാന പാലനത്തിൽ യു.പി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. കഴിഞ്ഞ നാലുവർഷത്തിനിടെ കലാപങ്ങൾ ഉണ്ടായില്ലെന്നും ദീപാവലി അടക്കമുള്ള ആഘോഷങ്ങൾ സമാധാനപരമായി നടന്നുവെന്നും യോഗി പറഞ്ഞു.
ഐ.എ.എൻ.എസ്- സീ വോട്ടർ സർവേ യു.പിയിൽ യോഗി അധികാരം നിലനിർത്തുമെന്നാണ് പ്രവചിക്കുന്നത്. 52 ശതമാനം ആളുകൾ യോഗി വിജയിക്കുമെന്നും 37 ശതമാനം പേർ യോഗി തോൽക്കുമെന്നും അഭിപ്രായപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നവംബർ ഒന്നിന് പ്രഖ്യാപിച്ചിരുന്നു. തീരുമാനത്തിന് പിന്നിലുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. എന്നാൽ അന്തിമ തീരുമാനം പാർട്ടിയുടേതായിരിക്കുമെന്ന് അഖിലേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.