2024ൽ എല്ലാ സീറ്റുകളിലും മത്സരിക്കും; ഇൻഡ്യയിൽ ചേരാനുള്ള പ്രവർത്തനങ്ങൾ തുടരും - വഞ്ചിത് ബഹുജൻ അഘാഡി
text_fieldsമുംബൈ: 2024 തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിലും മത്സരിക്കുമെന്ന് വ്യക്തമാക്കി വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ). തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ പാർട്ടി യൂണിറ്റുകൾ ആരംഭിച്ചതായും പാർട്ടി മേധാവി പ്രകാശ് അംബേദ്കർ പറഞ്ഞു. അകോല ലോക്‌സഭാ മണ്ഡലത്തിൽ നിന്നായിരിക്കും പ്രകാശ് അംബേദ്കർ മത്സരിക്കുക. മുംബൈയിലെ പാർട്ടി ആസ്ഥാനത്ത് വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു പ്രഖ്യാപനം.
ഇൻഡ്യ സഖ്യത്തിൽ ചേരാൻ വി.ബി.എ ശ്രമിച്ചിരുന്നെങ്കിലും വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കൃത്യമായ പ്രതികരണം നൽകിയില്ലെന്നും പ്രകാശ് അംബേദ്കർ പറഞ്ഞു. സഖ്യത്തിൽ ചേരുന്നതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഔദ്യോഗിക രേഖ ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് പറഞ്ഞതിന് പിന്നാലെ വി.ബി.എ സെപ്തംബർ 1ന് സഖ്യത്തിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ച് ഖാർഗെക്ക് കത്ത് നൽകിയിരുന്നു. ഇതുവരെയും പ്രതികരണമുണ്ടായിട്ടില്ലെന്നും പാർട്ടി ക്ഷമയോടെ പ്രതികരണത്തിനായി കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ മഹാരാഷ്ട്രയിലെ വിവിധ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ നടത്താനാണ് പാർട്ടിയുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.