രാഷ്ട്രീയത്തിലിറങ്ങാനുള്ള ആഗ്രഹം വ്യക്തമാക്കി റോബർട്ട് വാദ്ര; കുടുംബവുമായി ആലോചിച്ച ശേഷം തീരുമാനിക്കും
text_fieldsന്യൂഡൽഹി: രാഷ്ട്രീയത്തിലിറങ്ങാനുള്ള ആഗ്രഹം വ്യക്തമാക്കി ബിസിനസുകാരനും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര. കുടുംബവുമായി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ വാദ്ര പറഞ്ഞു.
'വലിയൊരു വിഭാഗം ജനങ്ങളെ എനിക്ക് സഹായിക്കാൻ കഴിയുമെങ്കിൽ, ഏതെങ്കിലും മണ്ഡലത്തിലോ മേഖലയിലോ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെങ്കിൽ അതിനെ കുറിച്ച് ആലോചിക്കും. എവിടെ നിൽക്കണം എന്നതടക്കമുള്ള കാര്യങ്ങൾ കുടുംബവുമായി ആലോചിച്ച് തീരുമാനിക്കും. അവർക്കും അത് ശരിയാണെന്ന് തോന്നുകയാണെങ്കിൽ ഞാൻ രാഷ്ട്രീയത്തിലേക്കിറങ്ങും. രാജ്യത്തിന് എന്താണ് ആവശ്യമെന്നതാണ് ഏറ്റവും പ്രധാന കാര്യമായി ഞാൻ നോക്കുന്നത്. ജനങ്ങൾക്ക് മാറ്റം വേണം, സ്ത്രീകൾക്ക് സുരക്ഷ വേണം. ആരോഗ്യസംവിധാനങ്ങൾ വേണം' -റോബർട്ട് വാദ്ര പറഞ്ഞു.
പ്രിയങ്ക ഗാന്ധി ഭയമില്ലാത്ത സ്ത്രീയാണെന്ന് വാദ്ര ചൂണ്ടിക്കാട്ടി. യു.പിയിൽ പ്രിയങ്ക എത്ര വലിയ കഠിനാധ്വാനമാണ് നടത്തുന്നതെന്ന് ജനം കാണുന്നുണ്ട്. ലഖിംപൂർ ഖേരിയിൽ മന്ത്രിയുടെ മകൻ വാഹനം ഓടിച്ചുകയറ്റിയാണ് ജനങ്ങളെ കൊന്നത്. അവരുടെ കുടുംബാംഗങ്ങളെ കാണാൻ പോയപ്പോൾ പ്രിയങ്കക്ക് നേരെ കൈയേറ്റമുണ്ടായി. മോശമായ പെരുമാറ്റമുണ്ടായി. അറസ്റ്റ് ചെയ്ത് ഒരു മുറിയിൽ അടച്ചു. പ്രിയങ്ക ഭയമില്ലാത്ത സ്ത്രീയാണ്. എങ്ങനെ അതിജീവിക്കണമെന്ന് പ്രിയങ്കക്ക് അറിയാം.
പ്രിയങ്കയെ കുറിച്ച് ഏറെ അഭിമാനമാണുള്ളത്. തങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ ആളുണ്ടെന്ന തോന്നൽ സ്ത്രീകൾക്കുണ്ടായിരിക്കുന്നു. പ്രിയങ്കയുടെ പരിശ്രമങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും. ഫലം മറിച്ചായാൽ പോലും മുത്തശ്ശിയും അച്ഛനും ജീവൻ നൽകിയ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ രാഹുലും പ്രിയങ്കയും സന്നദ്ധരാണെന്നും റോബർട്ട് വാദ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.