രാമക്ഷേത്ര പ്രതിഷ്ഠാദിനം; ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: രാമക്ഷേത്രം പ്രതിഷ്ഠാദിന ചടങ്ങിന് പാർട്ടി നേതാക്കൾക്ക് ക്ഷണം ലഭിച്ചതിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് കോൺഗ്രസ്. രാമക്ഷേത്രം പ്രതിഷ്ഠാദിനത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ നേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവർക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ, പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല.
സോണിയ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെക്കും രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് കമ്യൂണിക്കേഷൻസ് വിഭാഗം ചുമതലയുള്ള നേതാവ് ജയ്റാം രമേശ് പറഞ്ഞു. ഉചിതമായ സമയത്ത് ഇതിൽ തീരുമാനമെടുത്ത് അറിയിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണങ്ങൾ പാടില്ലെന്ന് കോൺഗ്രസ് നേതാക്കൾക്ക് ഹൈകമാൻഡ് നിർദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ വിവിധ നേതാക്കൾ പ്രതികരണവുമായി കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തുവന്ന സാഹചര്യത്തിലാണിത്.
കേരളത്തിലെയും നേതാക്കൾ വിഷയത്തിൽ പ്രതികരണം നടത്തിയിരുന്നു. വിഷയത്തിൽ കോൺഗ്രസിന് തീരുമാനമെടുക്കാൻ സമയംതരണമെന്നാണ് ശശി തരൂർ എം.പി പറഞ്ഞത്. വിഷയത്തിൽ നിലപാട് സ്വീകരിക്കേണ്ടത് കോൺഗ്രസ് ഹൈകമാൻഡ് ആണെന്നാണ് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പ്രതികരിച്ചത്. കോൺഗ്രസ് പങ്കെടുക്കുമോ എന്ന കാര്യത്തിൽ കൃത്യ സമയത്ത് ഉത്തരംകിട്ടുമെന്നാണ് കെ.സി. വേണുഗോപാൽ പറഞ്ഞത്. കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് അഭിപ്രായമെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞിരുന്നു.
ഇൻഡ്യ മുന്നണിയിലും വിഷയത്തിൽ ഭിന്നാഭിപ്രായമാണ്. ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതിന് പിന്നാലെ അത് നിരസിച്ച് സി.പി.എം രംഗത്തെത്തിയിരുന്നു. ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുടെ നിലപാട്. എന്നാൽ, ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്നും ക്ഷേത്രം യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ടെന്നുമാണ് നേരത്തെ എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞിരുന്നത്. പ്രതിഷ്ഠാദിന ചടങ്ങിൽ ക്ഷണമില്ലെങ്കിലും പങ്കെടുക്കുമെന്നാണ് ശിവസേന ഉദ്ധവ് വിഭാഗത്തിന്‍റെ നിലപാട്.
രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനമെന്ന പേരിൽ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നതെന്ന് മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടിരുന്നു. ഇത് രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയണം. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രാഷ്ട്രീയ ഉദ്ഘാടനം ആക്കി മാറ്റുകയാണ് കേന്ദ്ര സർക്കാർ. പാർലമെന്‍റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണ് സംഘ് പരിവാർ നടത്തുന്നത്. കോൺഗ്രസ് നിലപാടിനെപ്പറ്റി അഭിപ്രായം പറയാനില്ല. അവർ സ്വതന്ത്രമായി തീരുമാനം എടുക്കട്ടെയെന്നും ലീഗ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.