യു.പി. സർക്കാർ മറുപടി നൽകിയില്ലെങ്കിലും കഫീൽ ഖാന്‍റെ ഹരജിയിൽ വിധി പറയും -അലഹബാദ് ഹൈകോടതി
text_fieldsലഖ്നോ: ഉത്തർ പ്രദേശ് സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിലും ഡോ. കഫീൽ ഖാന്‍റെ ഹരജിയിൽ വിധി പറയുമെന്ന് അലഹബാദ് ഹൈകോടതി ലഖ്നോ ബെഞ്ച്. ഗൊരഖ്പൂർ ബി.ആർ.ഡി മെഡിക്കൽ കോളജിലെ ശിശുരോഗ വിഭാഗത്തിൽ നിന്ന് പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് കഫീൽ ഖാൻ നൽകിയ ഹരജി പരിഗണിക്കവെയാണ് ഹൈകോടതിയുടെ പരാമർശം. സർക്കാറിനെ വിമർശിച്ച കോടതി ഹരജി പരിഗണിക്കുന്ന ജനുവരി രണ്ടാമത്തെ ആഴ്ചയിലേക്ക് മാറ്റി.
ഹൈകോടതിയിൽ ഹരജി നൽകിയിട്ട് ഒരു വർഷമായെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും കഫീൽ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. ചുമതലയിൽ വീഴ്ച വരുത്തിയത് അടക്കമുള്ള കുറ്റങ്ങളിൽ നിന്ന് വിദഗ്ധ സമിതി തന്നെ ഒഴിവാക്കിയിരുന്നു. ജോലി തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. സർക്കാർ സംവിധാനത്തിന്‍റെ പോരായ്മ ചൂണ്ടിക്കാട്ടിയതിനാണ് തന്നെ മനഃപൂർവം കേസിൽ കുടുക്കിയത്. തനിക്കെതിരായ സർക്കാറിന്‍റെ നീക്കങ്ങളിൽ കുടുംബം ഭയപ്പാടിലാണെന്നും കഫീൽ ഖാൻ ചൂണ്ടിക്കട്ടി.
2017ലാണ് ഗൊരഖ്പുർ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ഓക്സിജൻ ലഭിക്കാതെ 63 കുഞ്ഞുങ്ങൾ മരിക്കാനിടയായ സംഭവം വാർത്തയായത്. വിതരണക്കാർക്ക് പണം ലഭിക്കാത്തതിനെ തുടർന്ന് വിതരണം നിർത്തിയതാണ് ഓക്സിജൻ ക്ഷാമത്തിന് വഴിവെച്ചത്. ഇതറിഞ്ഞ കഫീൽ ഖാൻ സ്വന്തം കൈയിൽ നിന്നും പണം ചെലവിട്ട് ഓക്സിജൻ സിലിണ്ടർ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാൻ ശ്രമം നടത്തി.
ഈ വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ കഫീൽ ഖാനെതിരെ തിരിഞ്ഞു. അഴിമതിയും അനാസ്ഥയും ആരോപിച്ച് കഫീൽ ഖാനെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും അറസ്റ്റ് ചെയ്ത് ഒമ്പത് മാസം ജയിലിൽ അടക്കുകയും ചെയ്തു.
അതേസമയം, 2019 സെപ്റ്റംബറിൽ കഫീൽ ഖാനെ കുറ്റമുക്തനാക്കി പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കൂടാതെ, കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ കഫീൽ ഖാൻ നടത്തിയ ശ്രമങ്ങളെ റിപ്പോർട്ടിൽ പ്രകീർത്തിക്കുകയും ചെയ്തിരുന്നു.
എന്നാൽ, 2019 ഒക്ടോബറിൽ കഫീൽ ഖാനെതിരെ യു.പി സർക്കാർ വീണ്ടും അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അന്വേഷണ കമീഷന് തെറ്റായ വിവരങ്ങളാണ് നൽകിയതെന്നും സർക്കാർ വിരുദ്ധ പ്രസ്താവനകൾ നടത്തിയെന്നുമായിരുന്നു ആരോപണം. ഇതിനെ എതിർത്ത് കഫീൽ ഖാൻ സമർപ്പിച്ച ഹരജിയിൽ അലഹബാദ് ഹൈകോടതിയിലെ ജസ്റ്റിസ് യശ്വന്ത് വർമ ജൂലൈ 29ന് വാദം കേട്ടു.
2020 ഫെബ്രുവരി 24നാണ് കഫീൽ ഖാനെതിരെ പുനരന്വേഷണം ആരംഭിച്ചത്. 2019 ഏപ്രിൽ 15ന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ 11 മാസം വൈകിയാണ് പുനരന്വേഷണമെന്ന് കഫീൽ ഖാൻ കോടതിയെ ധരിപ്പിച്ചു. താനൊഴികെ, സസ്പെൻഡ് ചെയ്യപ്പെട്ട മുഴുവൻ പേരെയും സർവിസിൽ തിരിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു.
തുടരന്വേഷണം പ്രഖ്യാപിക്കുന്നതിലെ കാലതാമസം അച്ചടക്ക സമിതി വിശദീകരിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, നാല് വർഷത്തിലേറെയായി സസ്പെൻഷൻ തുടരുന്നത് വിശദീകരിക്കാനും നിർദേശിച്ചു. തുടർന്ന് കഫീൽ ഖാനെതിരായ തുടരന്വേഷണം പിൻവലിച്ചതായി സർക്കാർ കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.