'ഇതൊന്നും നിങ്ങളെ സഹായിക്കില്ല; ബി.ജെ.പിയെ ഞങ്ങൾ പൊളിച്ചടുക്കും'; ഇലക്ഷൻ എട്ട് ഘട്ടമാക്കിയതിനെ വിമർശിച്ച് മമത
text_fieldsബംഗാളിൽ ഇലക്ഷൻ എട്ട് ഘട്ടങ്ങളിലായി നടത്താനുള്ള തീരുമാനത്തെ വിമർശിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. മൂന്ന് ഘട്ടങ്ങളിലായി തമിഴ്‌നാട്ടിലും അസമിലും തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമെങ്കിൽ ബംഗാളിൽ മാത്രം എട്ട് ഘട്ടങ്ങളായി വിഭജിക്കുന്നത് എന്തുകൊണ്ടാണെന്ന് മമത ചോദിച്ചു. ഇതുകൊണ്ടൊന്നും ബി.ജെ.പി രക്ഷപ്പെടില്ലെന്നും ബംഗാളിൽ അവരെ പൊളിച്ചടുക്കുമെന്നും മമത പറഞ്ഞു. ബിജെപിയുടെ സൗകര്യത്തിന് അനുസരിച്ചാണ് ഇലക്ഷൻ കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതിയിൽ തീരുമാനമെടുത്തതന്നും അവർ ആരോപിച്ചു.
'മോദിയുടെയും അമിത് ഷായുടെയും ഉപദേശപ്രകാരമാണ് ഇത് ചെയ്തിട്ടുള്ളത്. അവരുടെ പ്രചാരണം എളുപ്പമാക്കാനാണ് ഇത്. ബംഗാളിലേക്ക് വരുന്നതിനുമുമ്പ് അസമും തമിഴ്‌നാടും പൂർത്തിയാക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടാകും. ഇത് പക്ഷെ ബിജെപിയെ സഹായിക്കില്ല. ഞങ്ങൾ അവരെ പൊളിച്ചടുക്കും'-കൊൽക്കത്തയിൽ പത്രസമ്മേളനത്തിൽ മമത ബാനർജി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ തീയതി പ്രഖ്യാപിച്ച ഉടനെ ആയിരുന്നു മമതയുടെ പ്രസ്താവന. മതത്തിന്‍റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു.
'അവർ ഹിന്ദു-മുസ്‌ലിം എന്നിങ്ങനെ ആളുകളെ വിഭജിക്കുകയാണ്. കളി തുടങ്ങിയിരിക്കുന്നു. ഞങ്ങൾ കളിക്കുകയും വിജയിക്കുകയും ചെയ്യും. അവർ രാജ്യം മുഴുവൻ ഭിന്നിപ്പിക്കട്ടെ. എന്നാൽ ഞാൻ നിങ്ങളോട് പറയട്ടെ. എനിക്ക് ബംഗാളിനെ നന്നായി അറിയാം'-മമത പറഞ്ഞു. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കേന്ദ്രത്തിലെ ഭരണകക്ഷിയെന്ന നിലയിൽ ബിജെപിക്ക് അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും മമത ബാനർജി പറഞ്ഞു. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. മെയ് 2 ന് ഫലം പുറത്തുവരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.