കാശിയിലും മഥുരയിലും പള്ളി തകർത്ത് ക്ഷേത്രം പണിയും; വിദ്വേഷ പ്രസ്താവനയുമായി ഈശ്വരപ്പ
text_fieldsബംഗളൂരു: 2024ൽ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്നും കാശിയിലെയും മഥുരയിലെയും പള്ളികൾ തകർത്ത് അവിടെ ക്ഷേത്രങ്ങൾ പണിയുമെന്നും ബി.ജെ.പി എം.എൽ.എ കെ.എസ്. ഈശ്വരപ്പ. ചാമരാജ് നഗറിലെ ഗുണ്ടൽപേട്ടിൽ ബി.ജെ.പിയുടെ വിജയസങ്കൽപ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശിയിൽ വിശ്വനാഥ ക്ഷേത്രവും മഥുരയിൽ കൃഷ്ണക്ഷേത്രവും തകർത്താണ് പള്ളികൾ നിർമിച്ചതെന്ന് ഈശ്വരപ്പ ആരോപിച്ചു. അയോധ്യയിൽ മനോഹരമായ രാമക്ഷേത്രം നിർമിക്കുന്നു. രാമക്ഷേത്രം ഉദ്ഘാടനം ചെയ്ത ശേഷം കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെയും അവരുടെ പാപമുക്തിക്കായി അയോധ്യയിലേക്ക് പറഞ്ഞയക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
തുടർന്ന്, കോൺഗ്രസിനെതിരെ വിമർശനമുയർത്തിയ ഈശ്വരപ്പ, കോൺഗ്രസ് നേതാക്കൾ മറ്റുള്ളവർ വളരുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് കുറ്റപ്പെടുത്തി. ജി. പരമേശ്വരയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയപ്പോൾ തുമകുരുവിൽ അദ്ദേഹത്തിന്റെ പരാജയമുറപ്പാക്കിയത് സിദ്ധരാമയ്യയാണ്. മൈസൂരുവിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ സിദ്ധരാമയ്യയുടെ തോൽവി പരമേശ്വരയുടെ അനുയായികളും ഉറപ്പാക്കിയതായും ഈശ്വരപ്പ ആരോപിച്ചു.
കരാറുകൾക്ക് 40 ശതമാനം കമീഷൻ ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന ബി.ജെ.പിയുടെ മുതിർന്ന നേതാവാണ് ഈശ്വരപ്പ. ബി.ജെ.പി പ്രവർത്തകനായ കരാറുകാരൻതന്നെ വെളിപ്പെടുത്തൽ നടത്തി ആത്മഹത്യ ചെയ്തത് വൻ വിവാദമായിരുന്നു. വർഗീയ വിദ്വേഷ പ്രസ്താവനകൾക്കും കുപ്രസിദ്ധി നേടിയ നേതാവാണ് ഈശ്വരപ്പ. ബാബരി മസ്ജിദ് കേസിൽ സുപ്രീംകോടതി വിധിക്കു പിന്നാലെ, കാശിയിലെയും മഥുരയിലെയും പള്ളികളും തകർക്കണമെന്ന് ഈശ്വരപ്പ ആഹ്വാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.