നൂപുർ ശർമ്മക്കെതിരായ സുപ്രീംകോടതി പരാമർശങ്ങൾ ഉചിതമായ വേദിയിൽ ചർച്ച ചെയ്യുമെന്ന് കേന്ദ്ര നിയമമന്ത്രി
text_fieldsന്യൂഡൽഹി: ബി.ജെ.പിയുടെ മുൻ വക്താവ് നൂപുർ ശർമ്മക്കെതിരായ സുപ്രീംകോടതി പരാമർശങ്ങൾ ഉചിതമായ വേദിയിൽ ചർച്ച ചെയ്യുമെന്ന് കേന്ദ്രനിയമമന്ത്രി കിരൺ റിജിജ്ജു. വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം.
നിയമമന്ത്രിയായ താൻ സുപ്രീംകോടതി വിധിയിലും നിരീക്ഷണങ്ങളിലും അഭിപ്രായം പറയുന്നത് ശരിയല്ല. തനിക്ക് വിധി ഇഷ്ടമായില്ലെങ്കിലും സുപ്രീംകോടതി നടത്തിയ നീരിക്ഷണങ്ങളിൽ കടുത്ത വിയോജിപ്പുണ്ടെങ്കിലും അതിൽ പ്രതികരിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് നൂപുർ ശർമ്മക്കെതിരായ സുപ്രീംകോടതി നിരീക്ഷണങ്ങളിൽ കേന്ദ്രനിയമമന്ത്രി പ്രതികരിക്കുന്നത്.
സുപ്രീംകോടതി നിരീക്ഷണങ്ങളോട് പലതരത്തിലുള്ള പ്രതികരണങ്ങൾ വരുന്നുണ്ട്. ഇതിനോട് പ്രതികരിക്കാൻ ആവശ്യപ്പെട്ട് നിരവധി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ, ഇത് ഉചിതമായ വേദിയിൽ ചർച്ച ചെയ്യാമെന്നാണ് തന്റെ നിലപാടെന്നും റിജിജ്ജു പറഞ്ഞു. തനിക്കെതിരെയുള്ള എല്ലാ കേസുകളും ഡൽഹിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കവെയാണ് വീണ്ടുവിചാരമില്ലാതെ അവർ നടത്തിയ പരാമർശം രാജ്യത്താകെ തീ പടർത്തിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചത്.
നൂപുർ ശർമ രാജ്യത്തോടാകെ മാപ്പ് പറയണമെന്നാണ് സുപ്രീംകോടതി ഹരജി പരിഗണിക്കവേ വ്യക്തമാക്കിയിരുന്നു. പാർട്ടി വക്താവ് എന്നുള്ളത് എന്തും വിളിച്ചുപറയാനുള്ള ലൈസൻസല്ലെന്ന് പറഞ്ഞ കോടതി, നൂപുർ ശർമയുടെ പരാമർശം രാജ്യത്ത് കലാപം സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങൾക്കെല്ലാം കാരണക്കാരി നൂപുർ ശർമയാണ്. ഉദയ്പൂർ കൊലപാതകം നടന്നത് പോലും നുപൂറിന്‍റെ പ്രസ്താവന കാരണമാണെന്ന് കോടതി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.