2022ൽ വരുമാനം ഇരട്ടിയാകും, നിരവധി കർഷകർ മോദിക്ക് നന്ദിപറയുന്നു -അനുരാഗ് താക്കൂർ
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാർ മൂന്ന് കാർഷിക നിയമം നടപ്പാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കർഷകർ നന്ദി പറയുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. കാർഷിക നിയമത്തിലൂടെ കർഷകരുടെ വരുമാനം 2022ൽ ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക നിയമത്തെക്കുറിച്ച് ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർക്കുള്ള ആശങ്കകൾ ചർച്ച ചെയ്യാൻ കേന്ദ്രം തയാറാണ്. ചർച്ചയിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാനാകൂവെന്നും അനുരാഗ് താക്കൂർ കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാറിന്‍റെ ചർച്ചക്കുള്ള ക്ഷണം നേരത്തേ കർഷകർ നിരസിച്ചിരുന്നു. എന്നാൽ വീണ്ടും ചർച്ചക്ക് തയാറാണെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ കത്തയച്ചു. പ്രയോജനകരമല്ലാത്ത ഭേദഗതികൾ ആവർത്തിക്കുന്നതിന് പകരം വ്യക്തമായ തീരുമാനത്തിലെത്തണമെന്ന് കഴിഞ്ഞദിവസം കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചക്ക് സന്നദ്ധത അറിയിച്ച് സംയുക്ത കിസാൻ മോർച്ചക്ക് കേന്ദ്രം കത്തയച്ചത്.
അതേസമയം വെള്ളിയാഴ്ച ഉച്ചക്ക് നരേന്ദ്രമോദി ആറു സംസ്ഥാനങ്ങളിലെ കർഷകരുമായി സംവദിക്കും. പുതിയ കാർഷിക നിയമങ്ങളുടെ ഗുണങ്ങൾ വിശദീകരിക്കുകയാണ് ലക്ഷ്യം. ആറുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കർഷകരാണ് മോദിയുമായി സംവദിക്കുക. മോദിയുടെ പ്രസംഗം വലിയ സ്ക്രീനുകളിൽ കാണിക്കാനും കേന്ദ്രം അച്ചടിച്ച് തയാറാക്കിയ ലഘുലേഖകൾ കർഷകർക്ക് എത്തിക്കാനുമുള്ള നീക്കത്തിലാണ് ബി.ജെ.പി കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.