'ജയിൽ ഭക്ഷണം തീറ്റിക്കും, യൂനിഫോം അഴിച്ചുമാറ്റും': പൊലീസിനെ ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാക്കൾ
text_fieldsപശ്ചിമ ബംഗാളിൽ പൊലീസിനെ ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാക്കൾ. പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിലെ ഛത്‌ന ഗ്രാമത്തിലെ ജലക്ഷാമത്തിൽ പ്രതിഷേധിച്ച് നടത്തിയ പരിപാടിയിലാണ് ബി.ജെ.പി നേതാക്കൾ പ്രകോപനപരമായ പ്രസംഗം നടത്തിയത്. പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥനെ പ്രസംഗത്തിൽ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് ജിബാൻ ചക്രവർത്തിയെ സംഭവത്തിൽ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
''ഞാൻ നിങ്ങൾക്ക് ജയിലിൽ നിന്ന് ഭക്ഷണം തരാം. നിങ്ങളുടെ യൂനിഫോം ഞാൻ അഴിക്കും. നിങ്ങളെ സർ എന്ന് വിളിക്കുന്ന കുറച്ച് ആളുകളെ നിങ്ങൾ സംരക്ഷിക്കുന്നു. നിങ്ങൾ സ്വയം ഒരു റൗഡിയാണെന്ന് കരുതുന്നു'' -ജിബാൻ ചക്രവർത്തി പ്രസംഗിച്ചു.
കഴിഞ്ഞ ദിവസം ജൽപായ്ഗുരിയിലെ മറ്റൊരു ബി.ജെ.പി നേതാവും പ്രകോപനപരമായ പ്രസ്താവനകൾ നടത്തുകയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആദ്യം ഭരണം മാറുമെന്നും പിന്നീട് പ്രതികാരം ചെയ്യുമെന്നും ജൽപായ്ഗുരി ജില്ലയിലെ ബി.ജെ.പി നേതാവ് ശ്യാം പ്രസാദ് പറഞ്ഞു.
"ഞങ്ങൾ ഈ ഭരണം മാറ്റുകയും പ്രതികാരം ഉറപ്പാക്കുകയും ചെയ്യും. ഇത് ശ്രദ്ധയോടെ കേൾക്കൂ, ഞങ്ങൾക്ക് ഇത് ടി.എം.സിയോടും നിങ്ങളോടും (പൊലീസിനോടും) പറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഞങ്ങളെ എത്രത്തോളം പീഡിപ്പിക്കുന്നുവോ, ഞങ്ങൾ അത് തിരികെ നൽകും. നിങ്ങളെപ്പോലെ തന്നെ. എല്ലാവരും ഞങ്ങളുടെ കുടുംബാംഗങ്ങളെ ലക്ഷ്യം വച്ചു. ആ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും ഞങ്ങൾ ലക്ഷ്യമിടുന്നു. ഇത് എന്റെ വാഗ്ദാനമാണ്. അതിനാൽ വൈകുന്നതിന് മുമ്പ് നിങ്ങളുടെ വഴികൾ നന്നാക്കുക. ഓർക്കുക, ടി.എം.സിയുടെ ദിനങ്ങൾ എണ്ണപ്പെട്ടു" -വ്യാഴാഴ്ച ജൽപായ്ഗുരി ബി.ജെ.പി നേതാവ് പ്രസംഗിച്ചു.
ബംഗാളിലെ ഭീർഭൂം തീവെപ്പിന് ശേഷം കൊലവിളി പ്രസംഗങ്ങളുമായി നിരവധി നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.