കശ്മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി അവസാന ശ്വാസം വരെ പോരാടും -ഒമർ അബ്ദുല്ല
text_fieldsജമ്മു: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും പുനഃസ്ഥാപിക്കുന്നതിനായി തന്‍റെ അവസാന ശ്വാസം വരെ പോരാടുമെന്ന് നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡൻറ് ഒമർ അബ്ദുല്ല. നവംബർ 15ന് ശ്രീനഗറിലുണ്ടായ സൈനിക വെടിവെപ്പിൽ മരിച്ച റംബാൻ സ്വദേശിയായ യുവാവിന്‍റെ കുടുംബത്തെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
ഈ പോരാട്ടം ഞങ്ങൾക്കോ, ഞങ്ങളുടെ വീട്ടുകാർക്കോ വേണ്ടിയല്ല, ജമ്മു കശ്മീരിലെ ജനങ്ങൾക്കുവേണ്ടിയും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുമാണ്. 2019 ആഗസ്റ്റ് അഞ്ചിന് തട്ടിയെടുക്കപ്പെട്ട നമ്മുടെ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിനുവേണ്ടിയാണ് പോരാടുന്നതെന്നും ഗൂൾ മേഖലയിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ഒമർ പറഞ്ഞു.
സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണിത്. ഇതിന് യുക്തിസഹമായ അന്ത്യമുണ്ടാകുന്നതവരെ ഈ പോരാട്ടത്തിൽനിന്ന് ആരും പിന്നോട്ടു പോകരുതെന്നും അദ്ദേഹം പറഞ്ഞു. 2019 ആഗസ്റ്റിലാണ് ആർട്ടിക്ക്ൾ 370 പ്രകാരമുള്ള ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ടായി വിഭജിച്ച് കേന്ദ്ര ഭരണപ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തത്. വെടിവെപ്പിൽ കൊല്ലപ്പെട്ട മറ്റു മൂന്നുപേരുടെ കുടുംബത്തെയും ഒമർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.