ഹാഥറസ്: മരണം 121 ആയി; ഗൂഢാലോചനയാണോ എന്ന് അന്വേഷിക്കുമെന്ന് യോഗി ആദിത്യനാഥ്
text_fieldsൾദൈവമായ ജഗദ്ഗുരു സാകർ വിശ്വഹരി എന്ന ഭോലെ ബാബയുടെ നേതൃത്വത്തിൽ ഹാഥറസിൽ നടന്ന പ്രാർഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 121 ആയി. മരിച്ചവരിൽ ഏഴ് കുട്ടികളും ഒരു പുരുഷനുമൊഴികെ എല്ലാവരും സ്ത്രീകളാണ്. 28 പേർക്ക് പരിക്കുണ്ട്. മരിച്ചവരിൽ നാലുപേരൊഴികെ എല്ലാവരെയും തിരിച്ചറിഞ്ഞു. നാല് ഹരിയാന സ്വദേശികളും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തരുമൊഴികെ ബാക്കിയെല്ലാം ഉത്തർപ്രദേശുകാരാണ്.
80,000 പേർക്ക് മാത്രം അനുമതിയുണ്ടായിരുന്ന ‘സത്സംഗി’ൽ രണ്ടര ലക്ഷത്തോളം പേർ പങ്കെടുത്തതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് പൊലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നു. ദുരന്തത്തിനുശേഷം തെളിവ് നശിപ്പിക്കാൻ സംഘാടകർ ശ്രമിച്ചു. ദുരന്തസ്ഥലം സന്ദർശിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഇത്തരമൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ നടപടിയുണ്ടാകുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഹാഥറസ് ജില്ലയിലെ സിക്കന്ദ്റ റാവു പൊലീസ് സ്റ്റേഷൻ പരിധിയിൽ ഫുൽറായ്ക്ക് സമീപം കാൺപൂർ- കൊൽക്കത്ത പാതക്കരികിലാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ രണ്ടുമണിയോടെ ദുരന്തമുണ്ടായത്. വയലിൽ നിർമിച്ച താൽക്കാലിക വേദിയിലായിരുന്നു സത്സംഗ്. ചടങ്ങ് കഴിഞ്ഞ് മടങ്ങാൻ കാറിൽ കയറുകയായിരുന്ന ഭോലെ ബാബയെ ദർശിക്കാനും കാൽപാദത്തിനടിയിലെ മണ്ണ് ശേഖരിക്കാനും വലിയ തിരക്ക് അനുഭവപ്പെട്ടു.
വയലിലെ ചളിയിൽ അടിതെറ്റിയവർക്കുമേൽ ഒന്നിനുപിറകെ ഒന്നായി ആളുകൾ വീഴുകയായിരുന്നു. ഭോലെ ബാബയുടെ സുരക്ഷ ഭടന്മാർ ആളുകളെ പുറത്തുപോകാൻ അനുവദിക്കാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ചവിട്ടേറ്റ് അവശരായവരെ ആശുപത്രിയിലെത്തിക്കാതെ സംഘാടകർ മുങ്ങി.
ഭോലെ ബാബക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെങ്കിലും എഫ്.ഐ.ആറിൽ പേരില്ല. ബാബയുടെ ആശ്രമത്തിനു പുറത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദുരന്തസ്ഥലത്ത് സംഘാടകർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി എഫ്.ഐ.ആറിൽ പറയുന്നു. വയലിൽ ചിതറിക്കിടന്ന ആളുകളുടെ ചെരിപ്പും മറ്റും പൊലീസ് സ്ഥലത്തെത്തുമ്പോഴേക്ക് എടുത്തുമാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.