‘നേതാക്കളുമായി നാളെ ബി.ജെ.പി ആസ്ഥാനത്തേക്ക് വരാം, ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കൂ’; വെല്ലുവിളിച്ച് കെജ്രിവാൾ
text_fieldsന്യൂഡൽഹി: സ്വാതി മലിവാളിന്‍റെ പരാതിയിൽ പേഴ്സണൽ അസിസ്റ്റന്‍റ് ബൈഭവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ.
ഞായറാഴ്ച ഉച്ചക്ക് പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ബി.ജെ.പിയുടെ പാർട്ടി ആസ്ഥാനത്തേക്ക് വരാമെന്നും ആവശ്യമുള്ളവരെ നിങ്ങൾ അറസ്റ്റ് ചെയ്തോളൂ എന്നും കെജ്രിവാൾ വെല്ലുവിളിച്ചു. പാർട്ടിയെ ഒരിക്കലും തകർക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എക്സിൽ പോസ്റ്റ് ചെയ്ത ഹിന്ദിയിലുള്ള വിഡിയോ സന്ദേശത്തിലായിരുന്നു കെജ്രിവാളിന്‍റെ വിമർശനം.
‘നിങ്ങൾക്ക് കാണാമല്ലോ, അവർ ആം ആദ്മി പാർട്ടിക്കു പിന്നാലെയാണ്. അവർ നമ്മുടെ നേതാക്കളെ ഓരോരുത്തരെയായി ജയിലിലടക്കുകയാണ്. അവർ എന്നെ ജയിലിലടച്ചു, (മുൻ ഉപമുഖ്യമന്ത്രി) മനീഷ് സിസോദിയ, (മുൻ മന്ത്രി) സത്യേന്ദർ ജെയിൻ, (രാജ്യസഭാ എം.പി) സഞ്ജയ് സിങ്, ഇപ്പോൾ അവർ എന്‍റെ പേഴ്‌സണൽ അസിസ്റ്റന്‍റിനെയും അറസ്റ്റ് ചെയ്തു’ -കെജ്രിവാൾ പറഞ്ഞു.
ലണ്ടനിൽ നിന്നു തിരിച്ചെത്തിയ രാഘവ് ഛദ്ദയെയും അറസ്റ്റ് ചെയ്യുമെന്ന് പറയപ്പെടുന്നു. അതിഷിയും സൗരഭ് ഭരദ്വാജുമായിരിക്കും പിന്നീട്. നേതാക്കളെ ജയിലിലടക്കാനാണ് നിങ്ങൾ ഈ കളിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കെജ്രിവാൾ കൂപ്പുകൈകളോടെ പറഞ്ഞു. തന്‍റെ എല്ലാ നേതാക്കന്മാരുമായി ഞായറാഴ്ച ഉച്ചക്ക് ബി.ജെ.പി ആസ്ഥാനത്തെത്താം. എം.എല്‍.എയും, എം.പിയുമടക്കം എല്ലാവരും നാളെ അവിടെ എത്തും. നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാം.
തങ്ങളെ ജയിലില്‍ അടക്കുന്നതുവഴി ഈ പാര്‍ട്ടിയെ തകര്‍ക്കാമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. ആം ആദ്മി പാര്‍ട്ടി ഒരു ആശയമാണ്. നിങ്ങള്‍ എത്രയധികം പേരെ അറസ്റ്റ് ചെയ്യുന്നുവോ അത്രത്തോളം ഈ ആശയം പ്രചരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. മേയ് 13ന് കെജ്രിവാളിനെ സന്ദര്‍ശിക്കാന്‍ ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍ മർദിച്ചെന്ന സ്വാതിയുടെ പരാതിയിലാണ് ബൈഭവിനെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.