ഓക്സിജൻ വിതരണം തടസപ്പെടുത്തുന്നവരെ തൂക്കിലേറ്റും -ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: ഓക്സിജൻ വിതരണം ആരെങ്കിലും തടസപ്പെടുത്തിയാൽ അയാളെ തൂക്കിലേറ്റുമെന്ന് ഡൽഹി ഹൈകോടതി. ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ സിലിണ്ടറുകളുടെ ക്ഷാമവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര അഗ്രസെൻ ആശുപത്രിയുടെ ഹരജി കേൾക്കവെയാണ് കോടതി ഇങ്ങനെ പറഞ്ഞതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. രൂക്ഷമായ കോവിഡ് വ്യാപനത്തെ സുനാമിയെന്നാണ് കോടതി വിശേഷിപ്പിച്ചത്.
''നമ്മൾ ഇതിനെ തരംഗം എന്നാണ് വിളിക്കുന്നത്. യഥാർഥത്തിൽ സുനാമിയാണ്.''-കോടതി അഭിപ്രായപ്പെട്ടു. ആശുപത്രികൾ, ആരോഗ്യ രംഗത്തെ തൊഴിലാളികൾ, മരുന്നുകൾ, ഭൗതിക സാഹചര്യങ്ങൾ, പ്രതിരോധ മരുന്നുകൾ, ഓക്സിജൻ എന്നിവയുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ ഒരുക്കങ്ങളെ കുറിച്ചും കോടതി ആരാഞ്ഞു.
ഡൽഹിയിൽ 480 മെട്രിക് ടൺ ഓക്സിജൻ ലഭിച്ചില്ലെങ്കിൽ ആരോഗ്യ സംവിധാനം തകരുമെന്ന് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. ഓക്സിജന്റെ ആശങ്കാജനകമായ ക്ഷാമം നിരവധി ആശുപത്രികൾ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പരാതി നിരവധി ആശുപത്രികൾ ഉന്നയിച്ചിട്ടുണ്ട്.
''ഞങ്ങൾക്ക് 480 മെട്രിക് ടൺ ഓക്സിജൻ കിട്ടിയില്ലെങ്കിൽ സംവിധാനം തകരും. ഇത് 24 മണിക്കൂറായി കണ്ടുകൊണ്ടിരിക്കുകയാണ്. എന്തെങ്കിലും ദുരന്തം സംഭവിക്കും.''- ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച 297 മെട്രിക് ടൺ ഓക്സിജൻ മാത്രമാണ് ലഭിച്ചതെന്ന് കോടതിയെ അറിയിച്ച ഡൽഹി സർക്കാർ ഓക്സിജൻ അനുവദിച്ചതിന്‍റെയും വിതരണത്തിന്‍റെയും വ്യക്തവും വിശദവുമായ സത്യവാങ്മൂലം കേന്ദ്രത്തിൽ നിന്ന് തേടുകയും ചെയ്തു.
ഓക്സിജൻ വിതരണം തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരം കേന്ദ്രത്തേയും അറിയിക്കണമെന്നും അപ്പോൾ അവർക്കെതിരെ നടപടിയെടുക്കാൻ സാധിക്കുമെന്നും കോടതി വ്യക്തമാക്കി.
''ഡൽഹിക്ക് 480 മെട്രിക് ടൺ ഓക്സിജൻ എപ്പോൾ ലഭിക്കും ? പറയൂ'' -കോടതി കേന്ദ്രസർക്കാറിനോട് ചോദിച്ചു.
സംസ്ഥാനങ്ങളാണ് ഓക്സിജനു വേണ്ടിയുള്ള ടാങ്കറുകൾ അയക്കുന്നതന്നും തങ്ങൾ അവരെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചു. ഡൽഹിയിൽ എല്ലാം തങ്ങൾ ചെയ്യണമെന്ന സ്ഥിതിയാണ്. ഡൽഹി സർക്കാറും തങ്ങൾക്കൊപ്പം ജോലി ചെയ്യണമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.