'കെട്ടിത്തൂക്കും പറഞ്ഞേക്കാം'; ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി മധ്യപ്രദേശ് മന്ത്രി
text_fieldsമധ്യപ്രദേശ് മന്ത്രി രാംഖേലവൻ പട്ടേൽ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന വൈറലായി. വ്യാപാരികൾക്കെതിരെ നടപടിയെടുത്താൽ തലകീഴായി കെട്ടിത്തൂക്കും എന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ ആണ് വൈറലാകുന്നത്. "അമർപതൻ നിയോജക മണ്ഡലത്തിലെ ഒരു വ്യാപാരിക്കെതിരെയും കേസെടുക്കരുത്. എടുത്താൽ ഞാൻ നിങ്ങളെ തലകീഴായി കെട്ടി തൂക്കിയിടും" -താൻ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന പ്രദേശത്ത് ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതിനെതിരായ നടപടിയെ പരാമർശിച്ച് പട്ടേൽ ഫോണിലൂടെ ഉദ്യോഗസ്ഥനോട് പറഞ്ഞു.
ഭീഷണിക്കിരയായെന്ന് പറയപ്പെടുന്ന ഉദ്യോഗസ്ഥൻ കൂടുതൽ വിവരങ്ങൾ നൽകാനോ മാധ്യമങ്ങളോട് സംസാരിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ടാഗ് ചെയ്തുകൊണ്ട് നിരവധി പേർ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി സർക്കാർ ഉദ്യോഗസ്ഥരെ പരസ്യമായി കുറ്റങ്ങൾക്ക് പഴിപറയുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യുന്നതിനിടെയാണ് സംഭവം. ഇന്നലെയും ഷിയോപൂരിലെ ഒരു ഉദ്യോഗസ്ഥനെ ഡ്യൂട്ടി വീഴ്ചയുടെ പേരിൽ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു മുമ്പും രാംഖേലവൻ പട്ടേൽ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സത്‌ന ജില്ലയിലെ രാംനഗറിൽ പൊതുയോഗത്തിനിടെ മുനിസിപ്പൽ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ രാം സുശീൽ പട്ടേൽ എന്ന ബി.ജെ.പി നേതാവിനെ ജയിലിൽനിന്ന് മോചിപ്പിക്കാൻ പാർട്ടി "രക്തം ചൊരിയുമെന്ന്" പട്ടേൽ പറഞ്ഞിരുന്നു. ഇത് അന്ന് വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.