അഫ്ഗാനിലെ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇന്ത്യയിലെത്താൻ സഹായം നൽകുമെന്ന് കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: ഇന്ത്യയിലേക്ക് വരാൻ താൽപര്യപ്പെടുന്ന അഫ്ഗാനിസ്താൻ പൗരന്മാർക്ക് അടിയന്തര ഇ-വിസ അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.അതേസമയം, വിസ അനുവദിക്കുന്നതിൽ സിഖ്, ഹിന്ദു സമുദായക്കാർക്ക് മുൻഗണന നൽകുമെന്ന സൂചനകൾ വിമർശനത്തിന് ഇടയാക്കി.
ആറുമാസ കാലാവധിയുള്ള 'ഇ-എമർജൻസി എക്സ് മിസലേനിയസ് വിസ' അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയമാണ് വ്യക്തമാക്കിയത്. ഇതിന് ഓൺലൈനിൽ അപേക്ഷിക്കാം. കാബൂളിലെ ഇന്ത്യൻ എംബസി അടച്ചതിനാൽ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം ഡൽഹിയിൽനിന്നാണ് ചെയ്യുക. സുരക്ഷപരമായ അനുമതി കിട്ടുന്നവർക്കെല്ലാം വിസ നൽകും. നിശ്ചിത കാലാവധി കഴിഞ്ഞ ശേഷമുള്ള നടപടി എന്താണെന്ന് വിശദീകരിച്ചിട്ടില്ല. മതം നോക്കാതെ തന്നെ എല്ലാവർക്കും വിസക്ക് അപേക്ഷിക്കാമെന്ന വിശദീകരണവും ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്നുണ്ട്.
അതേസമയം, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരിൽ സിഖ്, ഹിന്ദു സമുദായക്കാർക്ക് മുൻഗണന നൽകാനാണ് സർക്കാർ ഒരുങ്ങുന്നതെന്ന വിധമാണ് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന നൽകിയത്. അഫ്ഗാനിലെ സിഖ്, ഹിന്ദു സമുദായ പ്രതിനിധികളുമായി ബന്ധപ്പെടുന്നുണ്ടെന്നും അഫ്ഗാൻ വിടാൻ താൽപര്യപ്പെടുന്നവരെ നാട്ടിലെത്തിക്കാൻ സൗകര്യം ഒരുക്കുമെന്നും വിദേശകാര്യ മന്ത്രാലയം എടുത്തുപറഞ്ഞു. മുസ്ലിംകളുടെ കാര്യത്തിൽ മൗനം പാലിച്ചു.
പൗരത്വ ഭേദഗതി നിയമം പാസാക്കിയ മോദിസർക്കാർ അഭയാർഥികളുടെ കാര്യത്തിൽ സാമുദായിക വിവേചനം കാണിക്കുന്നുവെന്ന വിമർശനമാണ് ഇതിനൊപ്പം ഉയരുന്നത്. അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയ മുസ്ലിം ഇതര സമുദായക്കാർക്ക് ഇന്ത്യൻ പൗരത്വം അനുവദിക്കുന്ന നിയമപരിഷ്കാരമാണ് സർക്കാർ നടത്തിയത്.
സമുദായം നോക്കി പൗരത്വം നൽകുന്ന വിവേചനം വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. കേസ് സുപ്രീംകോടതി മുമ്പാകെയുള്ളതിനാൽ നിയമഭേദഗതി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് നാട്ടിലേക്ക് മടങ്ങാൻ താൽപര്യപ്പെടുന്ന അഫ്ഗാനിസ്താനിലെ സിഖ്, ഹിന്ദു സമുദായ പ്രതിനിധികളുമായി ബന്ധപ്പെടുന്നുവെന്ന വിദേശകാര്യ മന്ത്രാലയത്തിെൻറ പ്രസ്താവന. ഇ-വിസ കിട്ടാൻ ഡൽഹിയിൽ നിന്നുള്ള സുരക്ഷ ക്ലിയറൻസ് പ്രധാന കടമ്പയായി അഭയാർഥികൾക്കു മുന്നിൽ ഉണ്ടാവുകയും ചെയ്യും. അപകട മുനമ്പിൽ നിൽക്കുന്നവരോടാണ് സാമുദായിക വിവേചനം കാട്ടുന്നതെന്ന് സി.പി.ഐ എം.എൽ പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണൻ കുറ്റപ്പെടുത്തി.രണ്ടു പതിറ്റാണ്ടു മുമ്പ് അഫ്ഗാനിസ്താൻ കലുഷിതമായപ്പോൾ മതം നോക്കാതെ ദീർഘകാല വിസയാണ് ഇന്ത്യ അനുവദിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.