കോവിഡ് ഭീതിയൊഴിഞ്ഞാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും, അത് ഞങ്ങളുടെ ചുമതല: അമിത് ഷാ
text_fieldsകൊല്‍ക്കത്ത: വിവാദമായ പൗരത്വ ഭേദഗതി നിയമം കോവിഡ് ഭീതിയൊഴിഞ്ഞയുടനെ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അതു തങ്ങളുടെ ചുമതലയാണെന്നും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുപറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ സാഹചര്യത്തിൽ രണ്ട് ദിവസത്തെ പശ്ചിമ ബംഗാൾ പര്യടനത്തിന് എത്തിയതായിരുന്നു അമിത് ഷാ.
'പൗരത്വ നിയമം നടപ്പിലാക്കും. എല്ലാ അഭയാർഥികൾക്കും പൗരത്വം ലഭിക്കും. കോവിഡ് കാരണമുണ്ടായ കാലതാമസം മാത്രമാണ് ഇക്കാര്യത്തിലുള്ളത്. അയൽ രാജ്യങ്ങളിൽ മത വിവേചനം നേരിടുന്നവർക്കുള്ളതാണ് സി.എ.എ. മമതയും കോൺഗ്രസും ബി.എസ്.പിയുമെല്ലാം സി.എ.എയെ എതിർക്കുന്നത് അത് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ളതാണെന്ന് പറഞ്ഞു കൊണ്ടാണ്. പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണെന്നും എല്ലാവര്‍ക്കും പൗരത്വം നൽകുന്ന നിയമമാണ് സി.എ.എ എന്നും അമിത് ഷാ പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പില്‍ പൗരത്വ ഭേദഗതി നിയമവും പ്രചാരണ വിഷയമാക്കുമെന്ന സൂചനയാണ് അമിത് ഷാ ഇന്ന് നൽകുന്നത്. ബംഗാളി കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ തദ്ദേശീയര്‍ക്കിടയില്‍ വികാരമുണ്ടാക്കുകയും അത് ബംഗ്ലാദേശ് അതിർത്തി പ്രദേശങ്ങളിൽ വോട്ടാക്കി മാറ്റാനുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. നേരത്തെ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും സി.എ.എ നടപ്പിലാക്കുമെന്ന് അറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂല്‍ സര്‍ക്കാറിനെയും മമതാ ബാനർജിയേയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. പത്ത് വർഷത്തെ ഭരണത്തിൽ മമതാ ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്നും അമിത് ഷാ പറഞ്ഞു. ബംഗാളിൽ വികസനം കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു അവസരം നൽകണമെന്ന് വോട്ടർമാരോട് അദ്ദേഹം അഭ്യർഥിച്ചു. 'കോൺഗ്രസിനും തൃണമൂലിനും ഇടത് പാർട്ടികൾക്കും നിങ്ങൾ അവസരം നൽകി, ഇനി ഞങ്ങൾക്ക് ഒരു അവസരം നൽകൂ. അഞ്ച് വർഷത്തിനകം സുവർണ ബംഗാൾ സൃഷ്ടിക്കും. -അമിത് ഷാ കൂട്ടിച്ചേർത്തു. ഏപ്രില്‍-മെയ് മാസത്തിലായിരിക്കും ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.