സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കുമെന്ന് തേജസ്വി യാദവ്
text_fieldsപറ്റ്ന: അമ്പതാം വയസിൽ സർക്കാർ ജീവനക്കാർ വിരമിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ആർ.ജെ.ഡി നേതാവും മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ്. അധികാരത്തിൽ വന്നാൽ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കുമെന്ന് തേജസ്വി പറഞ്ഞു.
"50 വയസുള്ള സർക്കാർ ജീവനക്കാർ വിരമിക്കണമെന്ന് ആവശ്യപ്പെട്ട് നിതീഷ് കുമാർ ഉത്തരവ് പുറപ്പെടുവിച്ചു. അദ്ദേഹത്തിന് തന്നെ 70 വയസ് തികഞ്ഞിട്ടുണ്ട്, എന്നാൽ, ഇത്തവണ പൊതുജനങ്ങൾ അദ്ദേഹത്തെ വിരമിപ്പിക്കാൻ പോകുന്നു. നമ്മുടെ സർക്കാർ രൂപീകരിച്ചാൽ വിരമിക്കൽ പ്രായം വർധിപ്പിക്കും" തേജസ്വി യാദവ് പറഞ്ഞു.
ബിഹാറിലെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ മോശം അവസ്ഥ സംബന്ധിച്ച വിഷയത്തിലും മുഖ്യമന്ത്രി നിതീഷ് കുമാറിനെ തേജസ്വി കടന്നാക്രമിച്ചു. അണ്ടർ ഗ്രാജുവേഷൻ പൂർത്തിയാക്കാൻ മൂന്നു വർഷത്തിൽ കൂടുതൽ എടുക്കുന്നത് എന്തു കൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഇത് നാല് മുതൽ അഞ്ച് വർഷം വരെ നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന് നിതീഷ് കുമാർ വ്യക്തമാക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു.
ബിഹാറിൽ രണ്ടാംഘട്ടം നവംബർ മൂന്നിനും മൂന്നാം ഘട്ടം നവംബർ ഏഴിനുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പ് ഒക്ടോബർ 28ന് പൂർത്തിയായിരുന്നു. നവംബർ 10നാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.