കർഷക സമരം: 11ാം വട്ട ചർച്ചയും അലസി
text_fieldsന്യൂഡൽഹി: വിവാദ നിയമങ്ങൾ തൽക്കാലം മരവിപ്പിക്കാമെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിന്നതോടെ കർഷകരുമായുള്ള 11ാം വട്ട ചർച്ചയും അലസി. ഇതംഗീകരിച്ചാൽ മാത്രമേ തുടർ ചർച്ചയുള്ളൂ എന്ന സൂചനയും കേന്ദ്രം നൽകി.
അരമണിക്കൂറിൽ പിരിഞ്ഞ ചർച്ചയിൽ അടുത്ത കൂടിക്കാഴ്ചയുടെ തീയതിയിലും തീരുമാനമുണ്ടായില്ല. സമരക്കാരുടെ വാഹനങ്ങൾ ആക്രമിച്ചതടക്കം ഡൽഹി പൊലീസിെൻറ പ്രതികാര നടപടികൾ കർഷകർ ചർച്ചയിൽ ഉന്നയിച്ചു. കേസുകൾ പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, നിയമം നടപ്പിലാക്കൽ നീട്ടിവെക്കാമെന്ന കേന്ദ്ര നിർദേശത്തോടുള്ള കർഷക യൂനിയനുകളുടെ തീരുമാനം സർക്കാറിനെ അറിയിക്കുന്നതിന് മുമ്പ് മാധ്യമങ്ങൾക്ക് നൽകിയതിൽ മന്ത്രിമാരും രോഷം പ്രകടിപ്പിച്ചു.
12 മണിക്ക് നിശ്ചയിച്ച ചർച്ചക്ക് 40 മിനിറ്റ് വൈകിയാണ് മന്ത്രിമാർ എത്തിയത്. അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. കർഷകരോട് പരസ്പരം കൂടിക്കാഴ്ച നടത്താൻ ആവശ്യപ്പെട്ട മന്ത്രിമാർ മൂന്ന് മണിക്കൂർ കഴിഞ്ഞാണ് പിന്നീട് വന്നത്. നിയമം നീട്ടിവെക്കാമെന്നും അതിനിടക്ക് പുതിയ സമിതി രൂപവത്കരിച്ച് പ്രശ്ന പരിഹാരം തേടാമെന്നും മന്ത്രിമാർ വീണ്ടും അറിയിച്ചു. ഇതിൽ തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ചർച്ച അവസാനിപ്പിക്കുകയും ചെയ്തു. മിനിമം താങ്ങുവിലക്ക് വേണ്ടി നിയമമുണ്ടാക്കില്ലെന്നും സർക്കാർ ആവർത്തിച്ചു.
കർഷകരുടെ ക്ഷേമമല്ല യൂനിയൻ നേതാക്കളുടെ സംഭാഷണത്തിൽ ഉയർന്നതെന്നും അതിനാലാണ് സംഭാഷണം പൂർണതയിലെത്താതിരുന്നതെന്നും ചർച്ചക്ക് ശേഷം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ മാധ്യമങ്ങളോടു പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.