ബി.ജെ.പി.യിൽനിന്നും കോൺഗ്രസിൽനിന്നും തുല്യ അകലം പാലിക്കുമെന്ന് മമത
text_fieldsകൊൽക്കത്ത: വടക്കുകിഴക്കൻ മേഖലയിൽ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതോടെ തൃണമൂൽ കോൺഗ്രസ് രാഷ്ട്രീയതന്ത്രം മാറ്റുന്നു. ബി.ജെ.പി.യിൽനിന്നും കോൺഗ്രസിൽനിന്നും സമദൂരം പാലിക്കാനും ഇവരെ എതിർക്കുന്ന പ്രാദേശിക രാഷ്ട്രീയ മുന്നണി രൂപവത്കരിക്കാനുമാണ് നീക്കം.
ത്രിപുരയിൽ നോട്ടക്ക് കിട്ടിയ വോട്ടിനേക്കാൾ കുറവാണ് ടി.എം.സിക്ക് ലഭിച്ചത്. മേഘാലയയിൽ എം.എൽ.എമാരുടെ എണ്ണം 11ൽ നിന്ന് അഞ്ചായി. ന്യൂനപക്ഷ ആധിപത്യമുള്ള പശ്ചിമ ബംഗാളിലെ സാഗർദിഗി സിറ്റിങ് സീറ്റിൽ പാർട്ടി കനത്ത പരാജയം നേരിട്ടു. ഇതോടെയാണ് പാർട്ടി തന്ത്രം മാറ്റി ഇറങ്ങാൻ ഒരുങ്ങുന്നത്.
കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നത് സംബന്ധിച്ച് ഒമ്പത് പ്രതിപക്ഷ പാർട്ടി നേതാക്കൾ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനെ പരാമർശിച്ച് ഇതൊരു കൂട്ടായ തുടക്കം മാത്രമാണെന്ന് മുതിർന്ന ടി.എം.സി നേതാവും എം.പിയുമായ സൗഗത റോയ് പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇനിയും ഒരു വർഷമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ച നടക്കുമെന്ന് സൗഗത റോയ് വെളിപ്പെടുത്തി. നാലു സംസ്ഥാനങ്ങളിൽ ഈ വർഷം തെരഞ്ഞെടുപ്പ് നടക്കും. കാര്യങ്ങൾ എങ്ങനെ രൂപപ്പെടുമെന്ന് നോക്കാം. ഈ വർഷം അവസാനത്തോടെ രാഷ്ട്രീയ സാഹചര്യം കൂടുതൽ വ്യക്തമാകും -റോയ് പറഞ്ഞു.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, കർണാടക സംസ്ഥാനങ്ങളിലാണ് ഈ വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.ബി.ജെ.പിയിൽനിന്നും കോൺഗ്രസിൽനിന്നും തുല്യ അകലം പാലിക്കുന്നതാണ് തങ്ങളുടെ ദേശീയ തന്ത്രമെന്ന് ലോക്‌സഭയിലെ ടി.എം.സി പാർലമെന്ററി പാർട്ടി നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. ബി.ജെ.പിക്കെതിരെ പോരാടാൻ ആഗ്രഹിക്കുന്ന കോൺഗ്രസിനെ എതിർക്കുന്ന പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് സംയുക്ത പ്രതിപക്ഷ മുന്നണിയായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹം. ബി.ആർ.എസ്, എ.എ.പി പാർട്ടികളുമായി ചർച്ച തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് അടുത്തിടെ മമത പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് തൃണമൂൽ കോൺഗ്രസ് ബി.ജെ.പിയെ സഹായിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സി.പി.എം നേതാക്കളും കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് തീരുമാനം.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മാറുന്ന യാഥാർഥ്യവുമായി കോൺഗ്രസ് ഇതുവരെ പൊരുത്തപ്പെട്ടിട്ടില്ലെന്ന് ടി.എം.സി മുഖ്യ വക്താവ് സുഖേന്ദു ശേഖർ റോയ് പറഞ്ഞു. പോരാടുന്ന കാര്യത്തിൽ ഒമ്പതു വർഷമായി കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു. അതിനാൽ, അതത് സംസ്ഥാനങ്ങളിലെ ശക്തമായ പാർട്ടികളുമായി ബി.ജെ.പി. നീക്ക്പോക്ക് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ടി.എം.സി വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നിരുന്നു. കോൺഗ്രസിനെ ഒഴിവാക്കി പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ ശ്രമത്തെ ബി.ജെ.പിയെ സഹായിക്കാനുള്ള ശ്രമമെന്നാണ് ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.