എവിടെ പരിപാടി നടത്തിയാലും തടയും; വീർ ദാസ് മാപ്പ് പറയും വരെ പ്രതിഷേധമെന്ന് ഹിന്ദു ജനജാഗ്രതി സമിതി
text_fieldsബംഗളൂരു: ഒരു വർഷം മുമ്പ് യു.എസിലെ പരിപാടിയിൽ സ്റ്റാൻഡ്-അപ് കൊമേഡിയൻ വീർ ദാസ് 'ഇന്ത്യാ വിരുദ്ധ' പരാമർശം നടത്തിയെന്നും അതിൽ മാപ്പു പറയുന്നതുവരെ പ്രതിഷേധം തുടരുമെന്നും ഹിന്ദു ജനജാഗ്രതി സമിതി (എച്ച്.ജെ.എസ്). ദാസിന്റെ ഷോ എവിടെയാണെങ്കിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എച്ച്.ജെ.എസ് ദേശീയ വക്താവ് രമേശ് ഷിൻഡെ പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ വീർ ദാസ് അപകീർത്തിപ്പെടുത്തിയെന്ന് ഷിൻഡെ ആരോപിച്ചു. ദാസ് മാപ്പ് പറഞ്ഞാൽ പ്രശ്നം അവസാനിക്കും. യു.എസിൽ നടത്തിയ പരിപാടിയിലെ 'ഞാൻ രണ്ട് ഇന്ത്യയിൽ നിന്ന് വരുന്നു' എന്ന ദാസിന്‍റെ പ്രസ്താവനയാണ് സംഘ്പരിവാർ വിവാദമാക്കുന്നത്. രാജ്യത്തെ അപകീർത്തിപ്പെടുത്തിയെന്നാണ് ആരോപണം.
കഴിഞ്ഞയാഴ്ച ബംഗളൂരുവിൽ നടത്താനിരുന്ന ദാസിന്‍റെ ഷോ പ്രത്യേക കാരണങ്ങളാൽ മാറ്റി വെച്ചിരുന്നു. ഷോ മാറ്റിവെച്ചതിന് പിന്നിൽ തന്റെ സംഘടനയല്ലെന്നും ഹാസ്യനടനെതിരെ ബെംഗളൂരുവിലെ പൊലീസ് സ്റ്റേഷനിൽ ഔപചാരികമായി ഒരു പരാതി നൽകുക മാത്രമാണ് ചെയ്തതെന്നും ഷിൻഡെ പറഞ്ഞു. ഷോ റദ്ദാക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചു. അതിനാൽ, വേദിക്ക് പുറത്ത് സമാധാനപരമായി പ്ലക്കാർഡുകൾ പിടിച്ച് പ്രതിഷേധിക്കുമെന്ന് ഞങ്ങൾ അറിയിച്ചു.
പിന്നീട് സംഘാടകരും പൊലീസും ചേർന്ന് ഷോ മാറ്റിവെക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നെന്ന് സംഘടനാ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.