പതറി ബി.ജെ.പി; ലഖിംപുർ കോൺഗ്രസിനെ സഹായിക്കുമോ?
text_fieldsന്യൂഡൽഹി: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ലഖിംപുരിലെ ക്രൂരകൃത്യം മോദി, യോഗി സർക്കാറുകളെ കടുത്ത പ്രതിസന്ധിയിലേക്ക് എടുത്തെറിഞ്ഞത് രാഷ്ട്രീയമായി കോൺഗ്രസിനെ സഹായിക്കുമോ?
ഏറെ വൈകാരികമായ വിഷയത്തിൽ തക്ക സമയത്ത് ജനവികാരം ഉയർത്തിപ്പിടിച്ചു മുന്നിട്ടിറങ്ങാൻ പതിവിനു വിപരീതമായി കോൺഗ്രസിനു സാധിച്ചു. ഇക്കാര്യത്തിൽ യു.പിയിലെ പ്രാദേശിക പ്രമുഖരായ സമാജ്വാദി പാർട്ടിയേയും ബി.എസ്.പിയേയും കോൺഗ്രസ് പിന്തള്ളി. കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സമാശ്വസിപ്പിക്കാൻ പ്രിയങ്ക ഗാന്ധി അന്നു രാത്രി തന്നെ ലഖിംപുരിലേക്ക് പുറപ്പെട്ടതടക്കം അതിവേഗ നീക്കങ്ങളാണ് വിഷയത്തിൽ കോൺഗ്രസിെൻറ ഭാഗത്തു നിന്നുണ്ടായത്.
മോദി, യോഗി ഭരണത്തെ വെല്ലുവിളിക്കാനും അറസ്റ്റ് ഭയക്കാതെ തങ്ങൾ കർഷകർക്കൊപ്പമാണെന്ന് തെളിയിക്കാനും പ്രിയങ്കക്കും രാഹുൽ ഗാന്ധിക്കും സാധിച്ചു. കർഷകരെ വണ്ടി ഇടിപ്പിച്ചു കൊന്നത് അടുത്ത തെരഞ്ഞെടുപ്പിൽ യു.പിയിൽ മാത്രമല്ല, എല്ലായിടത്തൂം പ്രധാന വിഷയങ്ങളിലൊന്നാണ്. ഇത് ബി.ജെ.പിക്ക് ഉണ്ടാക്കിയിരിക്കുന്ന പരിക്ക് വലുതാണ്. പ്രിയങ്കയും രാഹുലും മുന്നിട്ടിറങ്ങിയത് പക്ഷേ, സംസ്ഥാനത്ത് രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ തക്ക അവസ്ഥയിലല്ല കോൺഗ്രസ്.
സംഘടന സംവിധാനം അത്രമേൽ ദുർബലമാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയടക്കം തോറ്റത് അതു മൂലമാണ്. നിയമസഭ തെരഞ്ഞെടുപ്പിലേക്കു നോക്കിയാൽ നാലാം സ്ഥാനം മാത്രമാണ് ഇന്ന് യു.പിയിൽ കോൺഗ്രസിനുള്ളത്. എന്നാൽ കർഷക സമരത്തിെൻറ ദുരന്തമുഖമായി ലഖിംപുർ മാറിക്കഴിഞ്ഞു. ദേശീയ തലത്തിൽ തന്നെ ബി.ജെ.പിക്കെതിരായി ഉണ്ടായിരിക്കുന്ന വികാരത്തിൽ നിന്ന് മോദിക്കെതിരായ പടപ്പുറപ്പാടിനുള്ള കളമൊരുക്കുക കൂടിയാണ് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിൽ പ്രിയങ്ക പങ്കെടുത്ത പൊതുസമ്മേളനത്തിൽ വൻജനാവലി എത്തിയിരുന്നു. കർഷക സമര നേതാവ് രാകേഷ് ടികായത്തുമായി യു.പി പൊലീസ് ഉണ്ടാക്കിയ ഒത്തുതീർപ്പു പ്രകാരം 45 ലക്ഷം രൂപ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നൽകുന്നതിൽ പ്രശ്നം അവസാനിക്കുന്നില്ലെന്ന് പറഞ്ഞു വെച്ചത് കോൺഗ്രസാണ്.
കേസിൽ മന്ത്രിപുത്രെൻറ അറസ്റ്റ് അനിവാര്യമാക്കിയ സുപ്രീംകോടതി ഇടപെടൽ ബി.ജെ.പിയുടെ പ്രതിരോധം ദുർബലമാക്കി. ഇതിനൊപ്പം, മകനെ സംരക്ഷിക്കാൻ ശ്രമിച്ച ആഭ്യന്തര സഹമന്ത്രിയെ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന സമ്മർദം ശക്തമാക്കുകയാണ് കോൺഗ്രസ്.
ലഖിംപുർ മുൻനിർത്തി തിങ്കളാഴ്ച രാജ്യവ്യാപകമായി കോൺഗ്രസ് മൗനവ്രതാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ പെട്ടെന്നു നീങ്ങിയ കോൺഗ്രസിനൊപ്പമെത്താൻ സമാജ്വാദി പാർട്ടിക്കോ, ബി.എസ്.പിക്കോ മറ്റേതെങ്കിലും പാർട്ടികൾക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്ന ശ്രമങ്ങളുടെ മുൻനിരയിലേക്ക് അത് കോൺഗ്രസിനെ എത്തിക്കുമോ എന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. മോദിയാകട്ടെ, പരിക്കു മാറ്റാൻ മന്ത്രിയുടെ രാജിയെന്ന വഴി തിരഞ്ഞെടുത്തേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.