കുടിശ്ശിക തീർക്കാൻ കേന്ദ്രസർക്കാർ തയാറാകുന്നില്ലെങ്കിൽ വ്യാപക പ്രതിഷേധം -അന്ത്യശാസനവുമായി മമത ബാനർജി
text_fieldsകൊൽക്കത്ത: ഏഴുദിവസത്തിനകം കേന്ദ്രം തരാനുള്ള കുടിശ്ശിക തീർത്തില്ലെങ്കിൽ വ്യാപക പ്രതിഷേധം നടത്തുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. രാജ്ഭവനിൽ നടന്ന 75ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലാണ് മമത ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിന് കുടിശ്ശിക വരുത്തിയിട്ടുള്ള ഫണ്ട് തരാൻ കേന്ദ്രസർക്കാർ തയാറായില്ലെങ്കിൽ ഞങ്ങൾ വ്യാപക പ്രതിഷേധം തുടങ്ങും.-മമത വ്യക്തമാക്കി.
സർക്കാരിന്റെ കണക്കുകൾ പ്രകാരം, പി.എം.എ.വൈ പ്രകാരം 9,330 കോടി രൂപയും എം.ജി.എൻ.ആർ.ഇ.ജി.എക്ക് കീഴിൽ 6,900 കോടി രൂപയും ദേശീയ ആരോഗ്യ ദൗത്യത്തിന് 830 കോടി രൂപയും പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയ്ക്ക് കീഴിൽ 770 കോടി രൂപയും സ്വച്ഛ് ഭാരത് മിഷനു കീഴിൽ 350 കോടി രൂപയും കേന്ദ്രം സംസ്ഥാനത്തിന് നൽകാനുണ്ട്. ഉച്ചഭക്ഷണത്തിന് 175 കോടി രൂപയും മറ്റ് പദ്ധതികൾക്ക് കീഴിലുള്ള പണവും കുടിശ്ശികയുണ്ട്.
കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് ഡിസംബർ 20ന് മമത പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തിയിരുന്നു. കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥർ ഒന്നിച്ചിരുന്ന് പ്രശ്നം പരിഹരിക്കുമെന്നാണ് മോദി നൽകിയ ഉറപ്പെന്ന് മമത പറഞ്ഞിരുന്നു.
ഈ ആഴ്ച ആദ്യം സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഡൽഹി സന്ദർശിച്ച് ഈയാവശ്യം ഉന്നയിച്ചിരുന്നു. 100 ദിവസത്തെ തൊഴിൽ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ചും അവ പരിഹരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ റിപ്പോർട്ട് സമർപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയ സെക്രട്ടറി ശൈലേഷ് കുമാർ സിങ്ങുമായും സംഘം കൂടിക്കാഴ്ച നടത്തി. കേന്ദ്ര ഫണ്ട് അനുവദിക്കുന്നതിൽ മോദി സർക്കാർ കാലതാമസം വരുത്തിയതിനെതിരെ നവംബറിൽ പാർട്ടി മേധാവിയുടെ നേതൃത്വത്തിൽ ടി.എം.സി എം.എൽ.എമാർ സംസ്ഥാന നിയമസഭാ വളപ്പിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. നേരത്തെ, മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ രാജ്ഘട്ടിൽ പ്രതിഷേധ ധർണ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.