'ഈ വിപ്ലവം രാജ്യമാകെ പടരും; പഠിക്കാൻ ഉക്രെയിനിൽ പോകേണ്ടാത്ത വിദ്യാർഥികളുടെ രാജ്യം പണിതുയർത്തും -കെജ്രിവാൾ
text_fieldsന്യൂ ഡൽഹി: പഞ്ചാബിലെ വിപ്ലവം രാജ്യമാകെ പടരുമെന്ന് ആം ആദ്മി പാർട്ടി തലവൻ അരവിന്ദ് കെജ്രിവാൾ. പഠിക്കാൻ ഉക്രെയിനിൽ പോകേണ്ടാത്ത വിദ്യാർഥികളുടെ രാജ്യം പണിതുയർത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ തീവ്രവാദിയാണെന്ന കുപ്രചരണം പഞ്ചാബിലെ ജനങ്ങൾ വിലക്കെടുത്തില്ല. പഞ്ചാബിൽ തോറ്റ ചന്നി, സിദ്ധു, മജീതിയ എന്നിവരെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു തനിക്കെതിരെ നടന്ന ആരോപണങ്ങൾക്ക് നേരെ കെജ്രിവാൾ പ്രതികരിച്ചത്.
'കെജ്‌രിവാൾ ഒരു തീവ്രവാദിയല്ല, രാജ്യത്തിന്റെ പുത്രനാണ്, യഥാർഥ രാജ്യസ്‌നേഹിയാണ്'. തനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന എതിരാളികളുടെ ആരോപണം പഞ്ചാബിലെ ജനങ്ങൾ വിശ്വസിച്ചില്ല. തെരഞ്ഞെടുപ്പ് ഫലങ്ങൾ അത് തെളിയിച്ചു കഴിഞ്ഞെന്ന് കെജ്രിവാൾ പറഞ്ഞു. ജനങ്ങളെ പലവിധത്തിൽ ദ്രോഹിക്കുന്ന മറ്റ് പാർട്ടികളാണ് തീവ്രവാദികൾ. അവരെ ജനങ്ങൾ തിരിച്ചറിഞ്ഞു.
അംബേദ്കറും ഭഗത് സിങും കണ്ട സ്വപ്നമാണ് ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തുമ്പോൾ യാഥാർഥ്യമാകുന്നത്. ആം ആദ്മി പാർട്ടി വളരെ ചെറിയൊരു പാർട്ടിയായിരുന്നു. എന്നാൽ ഇത്രയും വലിയ ഭൂരിപക്ഷം ലഭിച്ചതിൽ ഞങ്ങൾ അതിശയത്തിലാണ്. എന്നാൽ ഈ നേട്ടത്തിൽ ഞങ്ങൾ അഹങ്കരിക്കില്ല. എ.എ.പി ഭരണത്തിൽ എത്തുന്നതോടെ അടിസ്ഥാന സാഹചര്യങ്ങൾ ഉയർന്ന നിലവാരത്തിലേക്ക് എത്തും. പഞ്ചാബിൽ ഇനി ആരും പട്ടിണി കിടക്കേണ്ടി വരില്ല. എല്ലാവർക്കും തുല്യ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
ഇനി പഞ്ചാബിൽ വിപ്ലവങ്ങൾക്ക് സമയമായി. അനീതികൾക്കെതിരെയാണ് നിങ്ങൾ എങ്കിൽ എഎപിയിൽ ചേരുക. എഎപി വെറുമൊരു പാർട്ടിയല്ല. ഇത് ഒരു വിപ്ലവത്തിന്റെ പേരാണ്. ആദ്യം ഡൽഹിയിൽ എഎപി വിപ്ലവം സൃഷ്ടിച്ചു, ഇപ്പോൾ പഞ്ചാബിൽ, ഈ വിപ്ലവം രാജ്യമൊട്ടാകെ വ്യാപിക്കും, അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ വോട്ടെണ്ണൽ തുടരുമ്പോൾ ആം ആദ്മി പാർട്ടി 117 സീറ്റുകളിൽ 92 ഇടത്ത് മുന്നേറ്റം തുടരുകയാണ്. കോൺഗ്രസ് 18 സീറ്റുകളിൽ ഒതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.