സിധു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കാൻ തയാർ -അമരീന്ദർ സിങ്
text_fieldsചണ്ഡീഗഡ്: പഞ്ചാബിൽ രാജിവെച്ച മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിധുവും തമ്മിലുള്ള ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു. സിധു അപകടകാരിയായ മനുഷ്യനാണെന്നും അത്തരമൊരാൾ പഞ്ചാബിന്‍റെ മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും താൻ സഹിക്കുമെന്നും അമരീന്ദർ സിങ് പറഞ്ഞു.
2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിധുവിന്‍റെ പരാജയം ഉറപ്പുവരുത്താൻ ശക്തനായ എതിരാളിയെ മത്സരിപ്പിക്കും.
അമരീന്ദർ രാഷ്ട്രീയം വിട്ടേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം അദ്ദേഹം തള്ളി. 'വിജയത്തിന് ശേഷം രാഷ്ട്രീയം വിടാൻ ഞാൻ തയാറാണ്. എന്നാൽ, പരാജയപ്പെട്ട് രാഷ്ട്രീയം വിടാൻ ഒരിക്കലും തയാറല്ല'. മൂന്ന് ആഴ്ചകൾ മുമ്പ് തന്നെ താൻ രാജിക്കാര്യം സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. തുടരാൻ നിർദേശിച്ചത് സോണിയയാണ്.
ഞാൻ എം.എൽ.എമാരെയും കൊണ്ട് വിമാനത്തിൽ ഗോവയിലേക്കോ മറ്റോ പറന്നിട്ടില്ല. അങ്ങനെയല്ല ഞാൻ പ്രവർത്തിക്കുന്നത്. ഗിമ്മിക്കുകളുടെ ആളല്ല ഞാൻ. രാഹുലിനും പ്രിയങ്കക്കും അതറിയാം. ഇരുവരും എന്‍റെ കുട്ടികളെ പോലെയാണ്. ഇത് ഇത്തരത്തിൽ അവസാനിച്ചതിൽ എനിക്ക് ഏറെ ദുഖമുണ്ട് -അമരീന്ദർ പറഞ്ഞു. രാഹുലിനും പ്രിയങ്കക്കും അനുഭവസമ്പത്ത് കുറവാണ്. അവരുടെ ഉപദേശകർ തെറ്റായ വഴിക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായ നവ്ജ്യോത് സിങ് സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസത്തിനൊടുവിലാണ് അമരീന്ദർ സിങ്ങിന് മുഖ്യമന്ത്രി പദം രാജിവെക്കേണ്ടിവന്നത്. ഭരണകക്ഷിയായ കോൺഗ്രസിൽ നാളുകളായി തുടരുന്ന ഉൾപ്പോരിനൊടുവിലായിരുന്നു അമരീന്ദർ സിങ്ങിന്‍റെ രാജി. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി 50ലധികം എം.എൽ.എമാർ ഹൈകമാൻഡിനെ സമീപിച്ചതോടെ അമരീന്ദർ സിങ് ശനിയാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. അപമാനിതനായാണ് പടിയിറങ്ങുന്നതെന്ന് രാജിവെച്ച ശേഷം അമരീന്ദർ സിങ് പ്രതികരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.