മോദി സഭയിൽ മണിപ്പൂർ പറയുമോ?
text_fieldsന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ മൗനം തുടരുന്ന പ്രധാനമന്ത്രി അവിശ്വാസപ്രമേയ ചർച്ചയിൽ അതേക്കുറിച്ച് സംസാരിക്കുമോ? മറ്റു വിഷയങ്ങൾ പരത്തിപ്പറഞ്ഞ് മണിപ്പൂർ ഒഴിവാക്കുന്ന തന്ത്രം മോദി പുറത്തെടുക്കാനാണ് കൂടുതൽ സാധ്യതയെന്ന് വിലയിരുത്തുന്നവർ ഏറെ.
മന്ത്രിസഭയിൽ അവിശ്വാസം രേഖപ്പെടുത്തുന്നുവെന്നു മാത്രമാണ് പ്രതിപക്ഷ പ്രമേയം. മണിപ്പൂരിനെക്കുറിച്ച് പരാമർശമില്ല. മണിപ്പൂരിനെക്കുറിച്ച് ഹ്രസ്വ ചർച്ചയാകാമെന്ന സർക്കാർ നിലപാടിന് അനുസൃതമായി പ്രധാനമന്ത്രിക്കു പകരം ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിനെക്കുറിച്ച് സഭയിലെ ഉത്കണ്ഠകൾക്ക് മറുപടി പറയാനാണ് കൂടുതൽ സാധ്യത.
പാസാകില്ല, എങ്കിലും...
ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമുള്ള ലോക്സഭയിൽ അവിശ്വാസ പ്രമേയം പാസാകില്ല. പാസായാൽ നരേന്ദ്ര മോദി മന്ത്രിസഭ രാജിവെക്കേണ്ടി വരും. മന്ത്രിസഭ മറിച്ചിടാനുള്ള ബലപരീക്ഷണമല്ല പ്രതിപക്ഷം നടത്തുന്നത്. മണിപ്പൂർ വിഷയത്തിൽ പാർലമെന്റിനോട് സംസാരിക്കേണ്ട ഉത്തരവാദിത്തം പ്രധാനമന്ത്രി ബോധപൂർവം അവഗണിച്ചത് അവഹേളനമായി പ്രതിപക്ഷം കാണുന്നു.
അക്കാര്യം ജനങ്ങൾക്കു മുമ്പിൽ ഉയർത്തിക്കാട്ടാൻ അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രതിപക്ഷം ശ്രമിക്കും. തന്റെ മന്ത്രിസഭയിൽ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം ചർച്ച ചെയ്യുമ്പോൾ, അതേക്കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രി ബാധ്യസ്ഥനുമാണ്.
പ്രമേയം രണ്ട്
ലോക്സഭ ചട്ടം 198 പ്രകാരം രണ്ട് അവിശ്വാസ പ്രമേയ നോട്ടീസുകളാണ് സ്പീക്കർക്ക് ലഭിച്ചത്. ഇൻഡ്യക്ക് വേണ്ടി കോൺഗ്രസിലെ ഗൗരവ് ഗൊഗോയ് നൽകിയതിനു പുറമെ, ഈ മുന്നണിയുടെ ഭാഗമല്ലാത്ത ബി.ആർ.എസിനു വേണ്ടി നമ നാഗേശ്വര റാവുവും നോട്ടീസ് നൽകിയിരുന്നു. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി അടക്കം മറ്റ് അഞ്ച് എം.പിമാരുടെ കൈയൊപ്പും അതിലുണ്ടായിരുന്നു.
എന്നാൽ, 50ലേറെ അംഗങ്ങൾ കോൺഗ്രസിന് മാത്രമായി ഉണ്ടെന്നിരിക്കേ, ഗൊഗോയിയുടെ നോട്ടീസാണ് സ്പീക്കർ പരിഗണനക്ക് എടുത്തത്.
മോദിക്കെതിരെ രണ്ടാം തവണ
നരേന്ദ്ര മോദി മന്ത്രിസഭക്കെതിരായ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് രണ്ടാംവട്ടം. മോദിസർക്കാറിന്റെ ഒന്നാമൂഴത്തിൽ 2018 ജൂലൈയിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് എൻ.ഡി.എ സഖ്യം വിട്ട ടി.ഡി.പിയായിരുന്നു. പ്രത്യേക പദവി നൽകാതെ ആന്ധ്രപ്രദേശിനെ അവഗണിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രമേയം 335-126 എന്ന വോട്ടുനിലയിൽ പരാജയപ്പെട്ടു. 12 മണിക്കൂർ നീണ്ട ചർച്ചയിൽ റഫാൽ, കർഷക പ്രശ്നം തുടങ്ങി നിരവധി വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം കടന്നാക്രമിച്ചു.
നയം പാടില്ല, പക്ഷേ...
മന്ത്രിസഭക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകിക്കഴിഞ്ഞാൽ സർക്കാറിന്റെ നയപരമായ നടപടികൾ സഭയിൽ പാടില്ലെന്നാണ് കീഴ്വഴക്കം.
എന്നാൽ ജനന-മരണ രജിസ്ട്രേഷൻ നിയമ ഭേദഗതി അടക്കം നിയമനിർമാണത്തിനുള്ള അഞ്ചു പുതിയ ബില്ലുകളാണ് തൊട്ടുപിന്നാലെ സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്. ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ ഇത് ചോദ്യം ചെയ്തെങ്കിലും സ്പീക്കർ അംഗീകരിച്ചില്ല.
സംഖ്യാബലം ഇങ്ങനെ
ലോക്സഭയിൽ നിലവിലെ അംഗസംഖ്യ 543. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 വോട്ട്. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിന് 331 പേരുടെ പിന്തുണയുണ്ട്. ബി.ജെ.പിക്ക് മാത്രം 303 എം.പിമാർ.
ഇൻഡ്യ മുന്നണിയിൽ 144 എം.പിമാർ. രണ്ടു ചേരിയിലും ഉൾപ്പെടാത്ത വൈ.എസ്.ആർ കോൺഗ്രസ്, ബി.ജെ.ഡി തുടങ്ങിയ കക്ഷികൾക്കെല്ലാം കൂടി 70ഓളം എം.പിമാരുണ്ട്. രണ്ടാമത്തെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ ബി.ആർ.എസ്, പിന്തുണച്ച എ.ഐ.എം.ഐ.എം എന്നിവയും ഇതിൽ പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.