പഞ്ചാബ് കോൺഗ്രസിൽ 'അടി' അവസാനിക്കുന്നില്ല; സിധു ബി.ജെ.പിയിലേക്ക് മടങ്ങുമോ?
text_fieldsചണ്ഡീഗഡ്: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പഞ്ചാബ് കോൺഗ്രസിൽ തുടരുന്ന വാഗ്വാദങ്ങളിലും കലഹങ്ങളിലും ആശങ്കയേറുകയാണ് കോൺഗ്രസിൽ. ഭരണം നിലനിർത്താമെന്ന് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനത്ത് പാർട്ടിയിലെ രണ്ടു പ്രമുഖർ നേർക്കുനേർ വെല്ലുവിളിക്കുന്നതിെൻറയും ചെളി വാരിയെറിയുന്നതിെൻറയും വിഷമവൃത്തത്തിലാണ് കോൺഗ്രസിപ്പോൾ. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും മന്ത്രിയും എം.പിയും ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗവുമായിരുന്ന നവ്ജോത് സിങ് സിധുവും തമ്മിലുള്ള 'അടി'യാണ് പാർട്ടിക്ക് തലവേദനയായി മാറിയിരിക്കുന്നത്.
ഒരുകാലത്ത് അമരീന്ദർ സിങിെൻറ വലംകൈയായിരുന്ന സിധു പക്ഷേ, ഇപ്പോൾ ക്യാപ്റ്റെൻറ നിശിത വിമർശകനാണ്. തൊട്ടതിനും പിടിച്ചതിനുമൊക്കെ ക്യാപ്റ്റനെതിരെ മുനകൂർത്ത 'സിക്സറുകൾ' തൊടുത്തുവിടുകയാണ് മുൻ ഒാപണിങ് ബാറ്റ്സ്മാൻ. തെൻറ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ആക്രമണങ്ങളിലധികവും. കോൺഗ്രസിെൻറ സമുന്നത നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം നിൽക്കുന്ന പടം കവർ ചിത്രമാക്കിയ തെൻറ അക്കൗണ്ടിൽനിന്നാണ് അമരീന്ദറിനെതിരെ സിധു പൊള്ളുന്ന ഷോട്ടുകളുതിർക്കുന്നത്.
ദിവസവുമെന്ന പോെല അമരീന്ദറിനെ ഉന്നമിട്ട് സിധു ട്വീറ്റ് ചെയ്യുന്നുണ്ട്. അച്ചടക്ക ലംഘനത്തിന് സിധുവിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ഏഴു മന്ത്രിമാർ അടക്കമുള്ളവർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതിനു മറുപടിയായി, പഞ്ചാബിെൻറ ബോധ്യം പാർട്ടി ലൈനിനും അപ്പുറത്താ െണന്നും അണികളുടെ ചുമലിലേറിയുള്ള ഈ ആക്രമണം നിർത്തണമെന്നും സിധു കഴിഞ്ഞ ദിവസം അമരീന്ദറിനെതിരെ ട്വീറ്റ് െചയ്തിരുന്നു. തീപ്പൊരി പ്രസംഗകനായ സിധു പഴഞ്ചൊല്ലുകളും നാടൻ ശൈലികളും കവിതാ ശകലങ്ങളുമൊക്കെ േചർത്താണ് വിമർശനങ്ങൾക്ക് എരിവു പകരുന്നത്.
അമൃത്സർ ഈസ്റ്റ് നിയോജക മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയായ സിധു ഈ കലാപങ്ങൾക്കുപിന്നാലെ ബി.ജെ.പിയിലേക്ക് ചേക്കേറുമോ എന്ന ചോദ്യമാണ് ദേശീയ രാഷ്ട്രീയത്തിൽ ഉയരുന്നത്. ഇടഞ്ഞുനിൽക്കുന്ന സിധുവുമായി അകാലിദൾ, ആം ആദ്മി പാർട്ടി, ബി.എസ്.പി തുടങ്ങിയവയെല്ലാം ബന്ധപ്പെടുന്നുണ്ടെന്നാണ് സൂചന. എന്നാൽ, തെൻറ അടുത്ത നീക്കം എന്താണെന്ന് ആരോടും സിധു വെളിപ്പെടുത്തിയിട്ടില്ല. ബി.ജെ.പിയിൽ ചേരാനിടയില്ലെന്നാണ് സിധുവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.
ബി.ജെ.പിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച സിധു 2004ലും 2009ലും അമൃത്സർ ലോക്സഭാ മണ്ഡലത്തിൽനിന്ന് വിജയിച്ചിരുന്നു. 2016ൽ രാജ്യസഭാ അംഗമായതിന് പിന്നാലെ ബി.ജെ.പിയിൽനിന്ന് രാജിവെച്ച് 'ആവാേസ പഞ്ചാബ്' എന്ന രാഷ്ട്രീയ മുന്നണിയുണ്ടാക്കി. 2017 ജനുവരിയിൽ കോൺഗ്രസിൽ ചേർന്നതിനു പിന്നാലെയാണ് അമൃത്സർ ഈസ്റ്റ് നിയോജക മണ്ഡലത്തിൽ മത്സരിച്ചത്. 42,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. അമരീന്ദർ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയാവുകയും ചെയ്തു. 2019 ജൂലൈയിൽ മന്ത്രിസഭയിൽനിന്ന് രാജിവെക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.