സംവരണം നീക്കില്ല; കോൺഗ്രസിനെ അതിന് അനുവദിക്കുകയുമില്ല - അമിത് ഷാ
text_fieldsന്യൂഡൽഹി: എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്കുള്ള സംവരണം ബി.ജെ.പി എടുത്തുകളയില്ലെന്നും കോൺഗ്രസിനെ അത് ചെയ്യാൻ അനുവദിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
കോർബ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി സരോജ് പാണ്ഡെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നുണകൾ പൊതുയിടത്തിൽ ആവർത്തിച്ച് ഉച്ചത്തിൽ വിളിച്ചുപറയുകയാണ് കോൺഗ്രസിന്റെ സൂത്രവാക്യം. ഒരു കുടുംബത്തിന് വേണ്ടി കള്ളം പറയരുതെന്നും അദ്ദേഹം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഭീകരവാദത്തെയും നക്സലിസത്തെയും വളർത്തിയെടുക്കുകയാണ് കോൺഗ്രസ്. നരേന്ദ്ര മോദി മൂന്നാം തവണയും ഭൂരിപക്ഷം നേടിയാൽ സംവരണം റദ്ദാക്കുമെന്ന് അവർ പറയുന്നു. ബി.ജെ.പി പത്തുവർഷമായി അധികാരത്തിലുണ്ട്. മോദി ജി സംവരണം നീക്കം ചെയ്തില്ല, അദ്ദേഹം അത് ചെയ്യില്ല. ആർട്ടിക്കിൾ 370, മുത്തലാഖ് എന്നിവ റദ്ദാക്കാനും അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനും പൗരത്വ (ഭേദഗതി) നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനും വേണ്ടി മോദിജി ആ ഭൂരിപക്ഷത്തെ ഉപയോഗിച്ചു. കോൺഗ്രസിനെ സംവരണം നീക്കാൻ അനുവദിക്കില്ലെന്നും അത് മോദിയുടെ ഉറപ്പാണെന്നും ഷാ കൂട്ടിച്ചേർത്തു.
മോദി വീണ്ടും അധികാരത്തിലെത്തിയാൽ രണ്ട് വർഷത്തിനുള്ളിൽ ഛത്തീസ്ഗഡിൽ നക്സലിസം വേരോടെ പിഴുതെറിയുമെന്നും ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.