ബി.ജെ.പിക്കൊപ്പം പോകില്ലെന്ന് ശരദ്പവാർ; തള്ളാനും കൊള്ളാനുമാകാതെ ഇൻഡ്യ
text_fieldsമുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി വിമതനുമായ അജിത് പവാറുമായുള്ള എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്റെ കൂടിക്കാഴ്ചകളിൽ അസ്വസ്ഥരായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ. ശനിയാഴ്ച പുണെയിൽ അടുപ്പക്കാരനായ വ്യവസായിയുടെ വീട്ടിൽവെച്ച് അജിത്തുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതോടെ പവാറിനെ വിശ്വസിക്കാനോ തള്ളാനോ കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസും ഉദ്ധവ് താക്കറെ പക്ഷ ശിവസേനയും. രഹസ്യ കൂടിക്കാഴ്ച വെളിച്ചത്തായതോടെ താനും പാർട്ടിയും ബി.ജെ.പിക്ക് ഒപ്പം പോകില്ലെന്നും മാസാവസാനം മുംബൈയിൽ നടക്കുന്ന പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ യോഗത്തിനുള്ള ഒരുക്കത്തിലാണെന്നും പവാർ പറഞ്ഞെങ്കിലും ആശയക്കുഴപ്പം വിട്ടുമാറിയിട്ടില്ല.
ഇൻഡ്യയുടെ അജണ്ട മുംബൈ യോഗത്തിൽ തയാറാക്കുമെന്നും പവാർ പറഞ്ഞു. താൻ കുടുംബകാരണവരാണെന്നും അതിനാൽ തന്റെ അനന്തരവനെ കണ്ടതിൽ തെറ്റില്ലെന്നുമാണ് കൂടിക്കാഴ്ചയെ കുറിച്ച് പവാർ പറഞ്ഞത്. അതേസമയം, ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ വാഗ്ദാനവുമായാണ് ശരദ് പവാറിനെ അജിത് കണ്ടതെന്ന് കോൺഗ്രസ് മുതിർന്ന നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ ആരോപിച്ചു. കേന്ദ്ര കൃഷി വകുപ്പോ കാബിനറ്റ് പദവിയോടെ നിതി ആയോഗ് അധ്യക്ഷപദവിയോ പവാറിന് നൽകാം എന്നാണത്രെ വാഗ്ദാനം. മകൾ സുപ്രിയക്ക് കേന്ദ്രത്തിലും വിശ്വസ്തൻ ജയന്ത് പാട്ടീലിന് മഹാരാഷ്ട്രയിലും മന്ത്രിപദം നൽകുമെന്നും വാഗ്ദാനമുണ്ടത്രെ. എന്നാൽ, വാഗ്ദാനം പവാർ നിരസിച്ചതായും പൃഥ്വിരാജ് ചവാൻ അവകാശപ്പെട്ടു. പവാറിനെ കാണാൻ അജിത് കൂടക്കൂടെ ചെല്ലുന്നത് ബി.ജെ.പി ‘ചാണക്യന്റെ’ തന്ത്രമാണെന്നും കൂടിക്കാഴ്ച അണികളിലും സഖ്യകക്ഷികളിലും ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഉദ്ധവ് താക്കറെ പക്ഷ ശിവസേന വക്താവ് സഞ്ജയ് റാവുത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.