പ്രവാചകനെ നിന്ദിച്ച നൂപുർ ശർമ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ അദ്ഭുതപ്പെടാനില്ല -ഉവൈസി
text_fieldsപ്രവാചക നിന്ദയുടെ പേരിൽ ബി.ജെ.പിയിൽ നിന്ന് സസ്‍പെൻഡ് ചെയ്ത നൂപുർ ശർമ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ നിന്ന് മൽസരിച്ചാൽ അദ്ഭുതപ്പെടാനില്ലെന്ന് ആൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ(എ.ഐ.എം.ഐ.എം)നേതാവ് അസദുദ്ദീൻ ഉവൈസി. പ്രവാചകനെ നിന്ദിച്ച് നൂപുർ ശർമ നടത്തിയ പരാമർശം വിവാദമായിരുന്നു. തുടർന്ന് അവരെ ബി.ജെ.പി ദേശീയ വക്താവിന്റെ സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു.
അവർ അടുത്ത തെരഞ്ഞെടുപ്പിലൂടെ തിരിച്ചുവരും എന്നുതന്നെയായിരുന്നു ഒരു ചോദ്യത്തിന് ഉവൈസിയുടെ മറുപടി. ബി.ജെ.പി അവരെ തീർച്ചയായും ഉപയോഗപ്പെടുത്തും. ഡൽഹിയിൽ നിന്ന് ലോക് സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ പോലും ഞാൻ അദ്ഭുതപ്പെടില്ല.-ഉവൈസി പറഞ്ഞു.
ഒരു ടെലിവിഷൻ ചർച്ചക്കിടെയായിരുന്നു നൂപുർ ശർമ വിവാദ പ്രസ്താവന നടത്തിയത്. 2022 ജൂണിൽ ഒരു വാർത്ത സംവാദത്തിനിടെ പ്രവാചകനെക്കുറിച്ചുള്ള നൂപുർ ശർമയുടെ വിവാദ പരാമർശത്തെ മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളും അപലപിച്ചിരുന്നു. അവർ ഇന്ത്യൻ പ്രതിനിധികൾക്ക് ഔപചാരിക പ്രതിഷേധം രേഖപ്പെടുത്തി. നൂപുർ ശർമയെ പിന്തുണച്ചതിന്റെ പേരിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരന്റെ തലയറുത്തതുൾപ്പെടെയുള്ള നിരവധി അക്രമ സംഭവങ്ങൾ രാജ്യത്ത് അരങ്ങേറി.
''ഉദയ്പൂർ തലവെട്ടൽ പോലുള്ള സംഭവങ്ങൾ അപലപിക്കപ്പെടണം. ഞാൻ 'സർ താൻ സേ ജൂദ' പോലുള്ള മുദ്രാവാക്യങ്ങൾക്ക് എതിരാണ്. അതിനെ പരസ്യമായി അപലപിക്കുന്നു. ഇത്തരമൊരു പ്രസ്താവന അക്രമത്തെ പ്രേരിപ്പിക്കുന്നു. ഞാൻ അക്രമത്തിന് എതിരാണ്''- ഉവൈസി പറഞ്ഞു. "നൂപൂർ ശർമ ഒരു ടെലിവിഷൻ ചാനലിൽ വരുന്നത് ഇത് ആദ്യമായല്ല. ഇതിന് മുമ്പും ഒരു ഹിന്ദി വാർത്താ ചാനലിൽ അവർ വിവാദ പരാമർശം നടത്തിയിരുന്നു. അവർക്കെതിരായ ഭീഷണികൾക്ക് ഞാൻ എതിരാണ്"- ഉവൈസി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.